| Sunday, 29th September 2024, 1:35 pm

ആനിമല്‍... ഗോളുകളോട് എന്തൊരു ആര്‍ത്തിയാണ്; ബ്രസീല്‍ ഗോളടിവീരന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയില്‍

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പുകഴ്ത്തുന്ന ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയില്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റോണോയെ പുകഴ്ത്തി താരം പോസ്റ്റ് പങ്കുവെച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന റൊണാള്‍ഡോയുടെ വീഡിയോ പങ്കുവെച്ചാണ് വിനി തന്റെ ആരാധ്യപുരുഷനെ പുകഴ്ത്തിയത്.

‘ഗോളുകളോട് എന്തൊരു ആസക്തിയാണ്, എല്‍ ബിച്ചോ.. CR7!!! Suiii’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വിനീഷ്യസ് പോസ്റ്റ് പങ്കുവെച്ചത്.

കുട്ടിക്കാലം മുതല്‍ക്കുതന്നെ റൊണാള്‍ഡോയെ തനിക്ക് ഏറെ ഇഷ്ടമാണെന്ന് വിനീഷ്യസ് പലപ്പോഴായി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ എല്ലാ മാച്ചുകളും കാണാറുണ്ടായിരുന്നുവെന്നും പോര്‍ച്ചുഗല്‍ ലെജന്‍ഡ് തന്റെ ആരാധനാ പുരുഷനാണെന്നുമാണ് വിനി പറഞ്ഞത്.

റൊണാള്‍ഡോയെ ഏറെ ആരാധിച്ചിരുന്നെങ്കിലും അദ്ദേഹത്തോടൊപ്പം ലോസ് ബ്ലാങ്കോസില്‍ പന്തുതട്ടാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

2018ലാണ് വിനീഷ്യസ് റയലില്‍ എത്തുന്നത്. അതേ വര്‍ഷം തന്നെയാണ് ക്രിസ്റ്റ്യാനോ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിനോട് ഗുഡ് ബൈ പറഞ്ഞ് ഇറ്റലിയിലേക്ക് കൂടുമാറിയതും.

റയല്‍ മാഡ്രിഡില്‍ ഏഴാം നമ്പര്‍ ജേഴ്സി ധരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിനീഷ്യസ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുമുമ്പ് ക്രിസ്റ്റ്യാനോ ആയിരുന്നു റയലിന്റെ ഏഴാം നമ്പര്‍ ജേഴ്സി അണിഞ്ഞിരുന്നത്.

അതേസമയം, റൊണാള്‍ഡോ തന്റെ ജൈത്രയാത്ര തുടരുകയാണ്. സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ ആരംഭിച്ച ഗോള്‍ വേട്ട ഇപ്പോള്‍ തന്റെ മുപ്പതുകളുടെ അവസാനത്തില്‍ അല്‍ നസറിനായും തുടരുകയാണ്.

കരിയറില്‍ രേഖപ്പെടുത്തപ്പെട്ട 900 ഗോളുകള്‍ എന്ന കരിയര്‍ മൈല്‍ സ്‌റ്റോണ്‍ പിന്നിട്ടാണ് താരം കുതിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോളറാണ് റൊണാള്‍ഡോ. 900ല്‍ നിര്‍ത്താന്‍ തനിക്ക് ഉദ്ദേശമില്ലെന്നും 1000 ഗോളുകള്‍ നേടുക എന്നതാണ് ലക്ഷ്യമെന്നുമാണ് താരം പറഞ്ഞത്.

സൗദി പ്രോ ലീഗില്‍ നടന്ന അല്‍ നസറിന്റെ അവസാന മത്സരത്തിലും താരം ഗോള്‍ കണ്ടെത്തിയിരുന്നു. അല്‍ വേദക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അല്‍ അലാമിയുടെ വിജയം. മത്സരത്തിന്റെ 56ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് താരം വലകുലുക്കിയത്.

റോണോ ഗോളടിച്ച് ചരിത്രം കുറിക്കുമ്പോള്‍ കരിയറിലെ ആദ്യ ബാലണ്‍ ഡി ഓറാണ് വിനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്ന താരമാണ് ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍.

Content highlight: Vinicius Jr praises Cristiano Ronaldo

Latest Stories

We use cookies to give you the best possible experience. Learn more