ഇംഗ്ലീഷ് സൂപ്പര്‍താരം ജൂഡ് ബെല്ലിങ്ഹാമിനെ റയല്‍ മാഡ്രിഡ് സ്വന്തമാക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സപര്‍ട്ടുമായ ഫാബ്രിസയാനോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലോസ് ബ്ലാങ്കോസ് ബെല്ലിങ്ഹാമുമായ് ഉടമ്പടിയില്‍ ഒപ്പുവെക്കുന്നതോടെ സമീപ കാലത്ത് ഫുട്‌ബോളില്‍ നടന്ന ഏറ്റവും മികച്ച സൈനിങ്ങില്‍ ഒന്നായി മാറുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാല്‍പന്ത് കളിയില്‍ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറില്‍ ഒരാളായി മാറാന്‍ ഇതിനകം തന്നെ ബെല്ലിങ്ഹാമിന് സാധിച്ചിരുന്നു.
എന്നിരുന്നാലും, നിലവില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വേണ്ടി കളിക്കുന്ന താരത്തെ സ്പാനിഷ് ക്ലബ്ബിലെത്തിക്കുക റയല്‍ മാഡ്രിഡിനെ സംബന്ധിച്ച് സാമ്പത്തിക വെല്ലുവിളിയുണ്ടാക്കുന്ന കാര്യമാണ്. ഡോര്‍ട്ട്മുണ്ടില്‍ ഉയര്‍ന്ന വേതനം കൈപ്പറ്റുന്ന ബെല്ലിങ്ഹാമിന് മോഹ വില നല്‍കി വേണം ലോസ് ബ്ലാങ്കോസിന് തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍.
സ്പാനിഷ് പോര്‍ട്ടലായ ട്രാന്‍സ്‌ഫേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറിന് ബെല്ലിങ്ഹാമിന്റെ സൈനിങ്ങില്‍ അതൃപ്തിയുണ്ട്. വിനീഷ്യസിന്റേതിന് സമാനമായ 12 മില്യണ്‍ യൂറോയുടെ ഓഫറാണ് റയല്‍ മാഡ്രിഡ് ജൂഡ് ബെല്ലിങ്ഹാമിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇത് വിനീഷ്യസിനെ ചൊടിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, ബുധനാഴ്ച്ച റയല്‍ സോസീഡാഡിനെതിരെ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു സോസീഡാഡിന്റെ ജയം. ഇതോടെ 33 മത്സരങ്ങളില്‍ നിന്ന് 21 ജയവുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് റയല്‍ മാഡ്രിഡ്. ഇത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് 26 ജയവുമായി 14 പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് ബാഴ്സലോണയാണ്.
മെയ് ഏഴിന് കോപ്പ ഡെല്‍ റേയില്‍ ഒസാസുനക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.