| Saturday, 14th October 2023, 11:30 am

സ്‌പെയ്‌നിലെ റെയ്‌സിസം ഇല്ലാതാക്കാന്‍ എനിക്ക് സാധിക്കില്ല; പക്ഷെ ഒരു കാര്യം ചെയ്യാനാകും: വിനീഷ്യസ് ജൂനിയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ താരങ്ങള്‍ നേരിടുന്ന വംശീയാധിക്ഷേപത്തിനെതിരെ ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തിയ താരമാണ് സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍. സ്പാനിഷ് ലീഗില്‍ കളിക്കുമ്പോള്‍ താരം പലപ്പോഴായി റെയ്‌സിസം നേരിട്ടിരുന്നു. വിഷയത്തെ കുറിച്ച വിനീഷ്യസ് എല്‍ എക്വിപ്പക്ക് നല്‍കിയ അഭിമുഖം ശ്രദ്ധ നേടുകയാണിപ്പോള്‍.

വംശീയാധിക്ഷേപത്തിനെതിരെ താന്‍ എല്ലായിപ്പോഴും പ്രതികരിക്കുമെന്നും സ്‌പെയ്‌നില്‍ തനിക്കൊരു ചരിത്രമൊന്നും സൃഷ്ടിക്കാനാകില്ലെങ്കിലും വരുന്ന തലമുറക്ക് സമാധാനത്തോടെ ജീവിക്കാനുള്ളതെല്ലാം താന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘സ്‌പെയ്‌നിലെ റെയ്‌സിസം ഇല്ലാതാക്കി ഒരു ചരിത്രം സൃഷ്ടിക്കാനൊന്നും സാധിക്കില്ലെന്ന് എനിക്കറിയാം. പക്ഷെ  ചിലതൊക്കെ ചെയ്യാനാകുമെന്നറിയാം. ഇനി വരുന്നവര്‍ക്ക് വര്‍ണ വിവേചനം നേരിടേണ്ടി വരില്ല. അതിനാല്‍ കുട്ടികള്‍ക്കൊക്കെ സമാധാനത്തോടെ ജീവിക്കാം. അതിനുവേണ്ടതെല്ലാം ഞാന്‍ ചെയ്യും,’ വിനീഷ്യസ് പറഞ്ഞു.

വലെന്‍സിയയിലാണ് ഏറ്റവും ബുദ്ധിമുട്ടുന്ന രീതിയില്‍ വംശീയാധിക്ഷേപം നേരിട്ടതെന്നും സമൂഹത്തില്‍ പലപ്പോഴായി തനിക്കിത് നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിനീഷ്യസ് പറഞ്ഞു.

‘എനിക്കൊരുപാട് വിഷമം തോന്നിയിരുന്നു. ഞാന്‍ കളത്തില്‍ ഇറങ്ങുന്നത് ആളുകളെ സന്തോഷിപ്പിക്കാനാണ്. നമുക്കറിയുക പോലുമില്ലാത്ത ഒരു കൂട്ടം ആളുകള്‍ നമ്മളോട് അധിക്ഷേപം കാട്ടുമ്പോള്‍ അത് കളിക്കാന്‍ പറ്റാത്ത വിധം നമ്മെ ബാധിക്കും,’ അദ്ദേഹം വ്യക്തമാക്കി.

‘ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയണ്ടാകില്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എനിക്ക് മാത്രമല്ല, ഒരു കളിക്കാരനും ഒരു മനുഷ്യനും നേരിടാന്‍ പാടില്ല, പ്രത്യേകിച്ച് കുട്ടികള്‍,’ വിനീഷ്യസ് പറഞ്ഞു.

Content Highlights: Vinicius Jr about Racism

We use cookies to give you the best possible experience. Learn more