ലാലിഗയിലെ എല്‍ ക്ലാസിക്കോ മത്സരങ്ങളില്‍ മെസി തങ്ങളെ ഭയപ്പെടുത്താറില്ലെന്ന് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും ബ്രസീല്‍ ഇന്റര്‍നാഷണലുമായ വിനീഷ്യസ് ജൂനിയര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. 2018-19 സീസണിലെ കോപ്പ ഡെല്‍ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തിന് മുന്നോടിയായാണ് വിനീഷ്യസ് ഇക്കാര്യം പറഞ്ഞത്.
സെമിയുടെ ആദ്യ പാദത്തില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞിരുന്നു. കറ്റാലന്‍മാരുടെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.
സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ബാഴ്‌സ എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച് ഫൈനലിലേക്ക് മുന്നേറി. ബാഴ്‌സക്കായി സുവാരസ് ഇരട്ട ഗോളടിച്ചപ്പോള്‍ റാഫേല്‍ വെരായ്‌നെയുടെ സെല്‍ഫ് ഗോള്‍ റയലിന്റെ പെട്ടിയിലെ അവസാന ആണിയായി മാറി.
എന്നാല്‍ ഫൈനലില്‍ മികച്ച പ്രകടനം നടത്താന്‍ കറ്റാലന്‍മാര്‍ക്ക് സാധിച്ചില്ല. റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തിയെത്തിയ വലന്‍സിയയാണ് കിരീടപ്പോരാട്ടത്തില്‍ ബാഴ്‌സയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് വലന്‍സിയ വിജയിച്ചുകയറിയത്.
ഫൈനലിന് ശേഷം അതേ ആഴ്ചയില്‍ റയലും ബാഴ്‌സയും ലാലിഗയില്‍ ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വന്നു. മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ വിജയം സ്വന്തമാക്കിയിരുന്നു. ഇവാന്‍ റാക്കിട്ടിച്ചാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്.
ഈ മാച്ചിന് മുന്നോടിയായി മെസിയെ കുറിച്ചുള്ള തന്റെ വാക്കുകള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി വിനീഷ്യസ് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ചിരുന്നു. താരത്തിന്റെ വാക്കുകളെ ബ്രസീലിയന്‍ മധ്യമമായ എസ്‌പോര്‍ട്ടെ ഇന്ററാറ്റീവോ തെറ്റായി വ്യാഖ്യാനിച്ചതിന് പിന്നാലെയാണ് വിനി പോസ്റ്റ് പങ്കുവെച്ചത്.
‘മെസി വളരെ മികച്ച താരമാണ്. ലോകത്തില്‍ വളരെ കുറച്ചാളുകള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് അദ്ദേഹവും ചെയ്യുന്നു. എന്നാല്‍ അദ്ദേഹം ഞങ്ങളെ ഭയപ്പെടുത്തുന്നില്ല. ഞങ്ങള്‍ക്കെതിരെ വരുന്നതെന്തായാലും അതിനെ നേരിടാന്‍ ഞങ്ങളൊരുക്കമാണ്. ഞങ്ങള്‍ക്കൊപ്പവും ലോകത്തിലെ മികച്ച താരങ്ങളുണ്ട്. ഇതാണ് അതിനുള്ള ഉത്തരമെന്ന് എനിക്ക് തോന്നുന്നു. ശരിയല്ലേ?’ എന്നാണ് വിനീഷ്യസ് കുറിച്ചത്.
“Messi é incrível, faz coisas que poucos jogadores são capazes de fazer, mas não nos assusta. Estamos prontos para qualquer coisa que vier. Temos os melhores jogadores do mundo também.” Acho que foi essa a resposta, não? 🤔
— Vini Jr. (@vinijr) February 25, 2019
വിനീഷ്യസും മെസിയും പത്ത് തവണയാണ് നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ആറ് മത്സരങ്ങളും എല്‍ ക്ലാസിക്കോയിലായിരുന്നു. മെസി പി.എസ്.ജിയുടെ ഭാഗമായിരിക്കവെയാണ് മറ്റ് രണ്ട് മത്സരങ്ങളില്‍ വിനിയും മെസിയും ഏറ്റുമുട്ടിയത്. മറ്റ് രണ്ട് മത്സരങ്ങള്‍ ദേശീയ ടീമിനൊപ്പവും. 2021ലെ സൂപ്പര്‍ ക്ലാസിക്കോ ഫൈനലും ഇതില്‍ ഉള്‍പ്പെടുന്നു.
2018-19 കോപ്പ ഡെല്‍ റേ സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിലാണ് മെസിയും വിനീഷ്യസും ആദ്യമായി കൊമ്പുകോര്‍ക്കുന്നത്.
ആകെ കളിച്ച പത്ത് മത്സരത്തില്‍ നാല് തവണയാണ് മെസിയും സംഘവും വിജയിച്ചത്. നാല് തവണ പരാജയപ്പെടുകയും ചെയ്തു.
Content Highlight: Vinicius Jr about Lionel Messi