ബ്രസീലിന്റെ ട്രിബ്ലിങ്ങ് സൂപ്പര്‍താരമാണ് പി.എസ്.ജി ഫോര്‍വേഡായ നെയമര്‍ ജൂനിയര്‍. മുന്‍ കാലങ്ങളിലെ തന്റെ പ്രകടനത്തിന്റെ പകുതി മാത്രമേ താരത്തിന് ഇപ്പോള്‍ പുറത്തെടുക്കാന്‍ സാധിക്കുന്നുള്ളു.
എന്നാല്‍ ഒരു കാലത്ത് മെസി, റൊണാള്‍ഡൊ എന്നിവരോടൊപ്പം ചേര്‍ത്തുവെച്ചിരുന്ന പേരായിരുന്നു നെയ്മറിന്റേത്. 2014 കാലഘട്ടത്തിലെ നെയ്മറെ പോലെയാണ് റയല്‍ മാഡ്രിഡിന്റെയും ബ്രസീലിന്റെയും മുന്നേറ്റകാരനായ വിനീഷ്യസ് ജൂനിയര്‍ എന്നാണ് ബ്രസീലിയന്‍ കോച്ച് ടിറ്റെയുടെ അഭിപ്രായം.
നിലവില്‍ ഫുട്ബാള്‍ ലോകത്ത് ഏറ്റവും മൂല്യമേറിയ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. റയല്‍ മാഡ്രിഡിലെ തുടക്കം പതുക്കെയായിരുന്നു എങ്കിലും ഇപ്പോള്‍ കാര്‍ലോ ആന്‍സലോട്ടിക്കു കീഴില്‍ ലാ ലീഗയും ചാമ്പ്യന്‍സ് ലീഗും നേടിയ താരം ദേശീയ ടീമിന്റെയും പ്രധാന കളിക്കാരനായി മാറിക്കൊണ്ടിരിക്കുകയാണ്.
2022 അവസാനം ലോകകപ്പ് നടക്കാനിരിക്കെയാണ് വിനീഷ്യസ് ജൂനിയര്‍ തന്റെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്നത്. നെയ്മറെ മറികടന്ന് ബ്രസീലിന്റെ പ്രധാനതാരമാവാന്‍ വിനീഷ്യസിന് കഴിയുമോയെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ഇതിനിടെയാണ് ടിറ്റെ വിനീഷ്യസിനെ നെയ്മറോട് ഉപമിച്ചിരിക്കുന്നത്.
‘ഞങ്ങള്‍ പരിശീലനം നടത്തുമ്പോള്‍ ഞാന്‍ വിനീഷിസിനോട് നീ 2014ലെ നെയ്മറാണെന്ന്’ പറയാറുണ്ട്. കാരണം ആ സമയത്ത് ബാഴ്‌സലോണയിലും ബ്രസീലിലും വിങ്ങിലായിരുന്നു നെയ്മര്‍ ഉണ്ടായിരുന്നത്. അതേസമയം ഇപ്പോള്‍ താരം മധ്യത്തിലാണ് കളിക്കുന്നത്.’ ടിറ്റെ പറഞ്ഞു
സെക്സ്റ്റ ഈസ്ട്രല്ല പോഡ്കാസ്റ്റിനോടാണ് ടിറ്റെ പറഞ്ഞതെന്ന് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.
‘നെയ്മര്‍ അവിടെ കളിച്ചാല്‍ ഒരുപാട് പിഴവുകള്‍ വരുത്തുമെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ താരത്തിന്റെ പൊസിഷനാണ് കൂടുതല്‍ പിഴവുകള്‍ വരുത്താന്‍ കാരണമാകുന്നത്. കാരണം താരം ക്രിയാത്മകമായി ചെയ്യുന്നതെല്ലാം വളരെ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നതാണ്.’ ടിറ്റെ വ്യക്തമാക്കി.
വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡ് ടീമില്‍ പക്വതയോടെയുള്ള പ്രകടനം നടത്താന്‍ രണ്ട് വര്‍ഷമെടുത്തെങ്കില്‍ ദേശീയ ടീമിനൊപ്പം അത് വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് മാര്‍ക്കയോട് സംസാരിക്കുമ്പോള്‍ ടിറ്റെ പറഞ്ഞിരുന്നു. കാര്‍ലോ ആന്‍സലോട്ടിയോട് താരത്തില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം ലഭിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ താന്‍ ചോദിച്ചതായും ടിറ്റെ വെളിപ്പെടുത്തി.
Content Highlights: Vinicious Junior is next Neymar