| Saturday, 31st December 2022, 12:45 pm

കളിക്കിറങ്ങും മുമ്പ് കരച്ചിലടക്കി പിടിച്ച് വിനീഷ്യസ് ജൂനിയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ലാലിഗയില്‍ നടന്ന മത്സരത്തിന് മുന്നോടിയായി റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ വികാരാതീതനായി കരയുകയായിരുന്നു. ഡിസംബര്‍ 29ന് ഈ ലോകത്തോട് വിടപറഞ്ഞ ബ്രസീലിയന്‍ ഇതിഹാസം പെലെക്ക് മൗനമാചരിച്ച് കൊണ്ടാണ് മത്സരം ആരംഭിച്ചത്.

പെലെയുടെ ചിത്രം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടായിരുന്നു മൗനാചരണം. ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ വളരെ വൈകാരികമായാണ് ആ സമയം കഴിച്ചുകൂട്ടിയത്. കരച്ചിലടക്കാന്‍ താരം നന്നേ പാടുപെടുന്നത് കാണാമായിരുന്നു.

വിനീഷ്യസിന് പുറമെ മറ്റൊരു ബ്രസീലിയന്‍ താരമായ റോഡ്രിഗോയും ദുഖഭാരത്തില്‍ തലതാഴ്ത്തി നില്‍ക്കുന്നതും കാണാന്‍ സാധിച്ചിരുന്നു.

ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ പെലെയുടെ നിര്യാണത്തില്‍ അനുശോചിച്ച് കൊണ്ടുള്ള കുറിപ്പ് ഇരു താരങ്ങളും നേരത്തെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബ്രസീലിനെ മാത്രമല്ല, ഇതിഹാസ താരത്തിന്റെ വിയോഗം ഫുട്‌ബോള്‍ ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു.

ഖത്തര്‍ ലോകകപ്പ് നടക്കുമ്പോഴാണ് പെലെയെ അസുഖം മൂര്‍ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാള്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. നിരവധിയാളുകളാണ് ഇതിഹാസത്തിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് രംഗത്തെത്തിയത്.

അതേസമയം ലാലിഗയില്‍ വല്ലഡോലിഡിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ വിജയിച്ചിരുന്നു. സൂപ്പര്‍താരം കരിം ബെന്‍സെമയാണ് ക്ലബ്ബിനായി ഇരട്ട ഗോളുകള്‍ നേടിയത്. ബുധനാഴ്ച കസെരേനോക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം.

Content Highlights: Vinicious Junior crying before the match begins on the thought of Pele

Latest Stories

We use cookies to give you the best possible experience. Learn more