ഏകദിന ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഓസ്‌ട്രേലിയക്ക് ചരിത്രവിജയമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ നേടികൊടുത്തത്. 128 പന്തില്‍ നിന്നും പുറത്താകാതെ 201 നേടികൊണ്ടായിരുന്നു മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്.
ഈ അവിസ്മരണീയമായ ഇന്നിങ്‌സിന് പിന്നാലെ അഭിനന്ദനപ്രവാഹമാണ് താരത്തെ തേടിയെത്തിയത്. ഇപ്പോഴിതാ മാക്‌സ്‌വെല്ലിനെ അഭിനന്ദിച്ചുകൊണ്ട് ഭാര്യ വിനി രാമന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിരിക്കുകയാണ്.
വിനി രാമന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മാക്‌സ്‌വെല്ലിനെ അഭിനന്ദിച്ചത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ വിനി മാക്‌സ്വെല്‍ ബാറ്റ് ചെയ്യുന്ന ചിത്രമാണ് പങ്കുവെച്ചത്. ‘ഓള്‍ ഇമോഷന്‍സ് 201*’ എന്നായിരുന്നു സ്റ്റോറിയില്‍ ക്യാപ്ഷന്‍ ആയി എഴുതിയത്. ഈ ഹൃദയസ്പര്‍ശിയായ പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ ഇബ്രാഹിം സദ്രാന്‍ 129 നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ അഫ്ഗാന്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് ഉയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര തുടക്കത്തില്‍ തന്നെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയായിരുന്നു. 91 റണ്‍സിന് ഏഴ് വിക്കറ്റുകള്‍ എന്ന നിലയില്‍ തകര്‍ച്ചയില്‍ നില്‍ക്കുന്ന ഓസിസിനെ നായകന്‍ പാറ്റ് കമ്മിന്‍സിനെ കൂട്ടുപിടിച്ചുകൊണ്ട് മാക്‌സ്‌വെല്‍ മുന്നോട്ട് നയിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം കണ്ടത് ചരിത്രത്തിലെ ഏറ്റവും മികച്ച ചേസിങ് ആയിരുന്നു.
128 പന്തില്‍ നിന്നും 201 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. 21 ഫോറുകളുടെയും 10 കൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു മാക്‌സിയുടെ വെടിക്കെട്ട് ഇന്നിങ്‌സ്. ഓസ്‌ട്രേലിയ 19 പന്തുകള്‍ ബാക്കി നില്‍ക്കേ ഓസ്‌ട്രേലിയ മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ തകര്‍പ്പന്‍ ഇന്നിങ്‌സോടെ ഒരു പിടി മികച്ച റെക്കോഡുകളും താരത്തെ തേടിയെത്തി. ഏകദിന ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കായി ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററും ചേസിങ്ങിനിടെ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടവുമാണ് മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്. ഇതിന് മുമ്പ് നെതര്‍ലന്‍ഡ്സിനെതിരെയും മാക്‌സി സെഞ്ച്വറി നേടിയിരുന്നു. ഈ സെഞ്ച്വറി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന നേട്ടത്തിലും താരത്തെ എത്തിച്ചു.
ജയത്തോടെ സെമി ഫൈനല്‍ സാധ്യതകള്‍ ശക്തമായി നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചു. ടൂര്‍ണമെന്റില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട ഓസ്‌ട്രേലിയ പിന്നീട് നടന്ന മത്സരങ്ങള്‍ എല്ലാം വിജയിച്ചുകൊണ്ട് സ്വപ്നതുല്യമായ കുതിപ്പാണ് നടത്തുന്നത്.
നവംബര്‍ 11ന് ബംഗ്ലാദേശിനെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം.
Content Highlight: Vini Raman appreciate Glenn Maxwell on social media.