|

വിനേഷ് ഫോഗട്ട് വിജയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗണ്ഡ്: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വിനേഷ് ഫോഗട്ട് വിജയിച്ചു. ജുലാന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ വിനേഷ് 6015 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മുന്‍ ആര്‍മി ക്യാപ്റ്റനുമായ യോഗേഷ് ബജ്‌രംഗിയായിരുന്നു വിനേഷ് ഫോഗട്ടിന്റെ മുഖ്യ എതിരാളി. എ.എ.പിയുടെ കവിത അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളില്‍ പിന്നിലായ വിനേഷ് അവസാന റൗണ്ടുകളിലാണ് ലീഡ് നേടിയത്.
ഹരിയാനയില്‍ നിന്നുള്ള വിനേഷ് ഫോഗട്ട് പാരിസ് ഒളിമ്പിക്‌സില്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും നൂറ് ഗ്രാം ഭാരക്കുറവിനെത്തുടര്‍ന്ന് അയോഗ്യയാവുകയാവുകയായിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷ് ഗുസ്തി താരമായ ബജ്‌രംഗ പൂനിയക്കൊപ്പമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 19 വര്‍ഷത്തിന് ശേഷമാണ് ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിക്കുന്നത്.

ബി.ജെ.പി നേതാവും മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട്‌ നടന്ന ഗുസ്തി താരങ്ങളുടെ സമരത്തിലെ പ്രധാനിയായിരുന്നു വിനേഷ്.

അതേസമയം കന്നിയങ്കത്തില്‍ വിനേഷ് വെന്നിക്കൊടി പാറിച്ചെങ്കിലും കോണ്‍ഗ്രസ് വിജയപ്രതീക്ഷ പുലര്‍ത്തിയുരുന്ന ഹരിയാനയില്‍ അവര്‍ പരാജയത്തിന്റെ വക്കിലാണ്. 90 സീറ്റുകളുള്ള ഹരിയാനയില്‍ ബി.ജെ.പി 50 സീറ്റുകള്‍ നേടി ലീഡ് വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് 35 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

Content Highlight: Vinesh Phogat wins in Hariyana election

Latest Stories