ന്യൂദല്‍ഹി: സാക്ഷി മാലികിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഖേല്‍ രത്ന പുരസ്‌കാരവും അര്‍ജുന അവാര്‍ഡും രാജ്യത്തിന് തിരിച്ചുനല്‍കുമെന്ന് ഗുസ്തി താരമായ വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ തുറന്ന കത്തിലാണ് വിനേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഗുസ്തി താരങ്ങള്‍ മെഡല്‍ നേടുമ്പോള്‍ അവരെ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കുന്നുവെന്നും എന്നാല്‍ തങ്ങള്‍ നേരിട്ട പ്രതിസന്ധികളില്‍ നീതി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്നും വിനേഷ് കത്തില്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിച്ചില്ലെന്നും നീതി നിഷേധിക്കപെട്ടുവെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു.
ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയിലേക്ക് ബ്രിജ് ഭൂഷന്റെ വിശ്വസ്തതനായ സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗുസ്തിയില്‍ നിന്ന് സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സാക്ഷി മാലികിന് പിന്തുണയുമായി നിരവധി കായിക താരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഒളിമ്പിക്സ് മെഡല്‍ ജേതാവ് ബജ്റംഗ് പുനിയയും ഡെഫ്‌ലിംപിക്സ് ചാമ്പ്യന്‍ വീരേന്ദര്‍ സിങ് യാദവും തങ്ങള്‍ നേടിയ പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ടിന്റെ തീരുമാനം.
തുടര്‍ന്ന് കായിക താരങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി കായിക മന്ത്രാലയത്തിന്റെ നടപടി പ്രകാരം ഗുസ്തി ഫെഡറേഷന്‍ പുതിയ ഭരണസമിതിയെ സസ്പെന്റ് ചെയ്തിരുന്നു. സംഘടനയുടെ നിയമങ്ങളില്‍ പുതിയ ഭരണസമിതി ലംഘനം നടത്തിയെന്നും ഗുസ്തി ഫെഡറേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സസ്‌പെന്‍ഷന് പിന്നാലെ നീതി നടപ്പിലായെന്ന് ഉറപ്പായാല്‍ മാത്രമേ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കൂ എന്ന് ഗുസ്തി താരം ബജ്‌റംഗ് പൂനിയ വ്യക്തമാക്കിയിരുന്നു.
അതേസമയം സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് ഭരണസമിതി അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുമെന്നും സര്‍ക്കാരുമായുള്ള ചര്‍ച്ച അനുകൂലമായില്ലെങ്കില്‍ നിയമനടപടികളിലേക്ക് പോകുമെന്നും സഞ്ജയ് സിങ് പറഞ്ഞു
Content Highlight: Vinesh Phogat will return Khel Ratna Award and Arjuna Award