| Wednesday, 7th August 2024, 7:07 pm

വിനേഷ് ഫോഗട്ട് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരും: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് ഐക്യദാര്‍ഢ്യവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഫൈനല്‍ മത്സരത്തിന് തൊട്ട് മുന്‍പ് വിനേഷ് നേരിട്ട തിരിച്ചടി ദശലക്ഷകണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെ തകര്‍ത്തുവെന്നും എന്നാല്‍ ഈ പ്രതിസന്ധികളെയെല്ലാം മറികടന്ന് അവള്‍ വിജയിയായി തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അമിത് ഷാപറഞ്ഞു.

‘ഒളിമ്പിക്‌സില്‍ വിനേഷിനേറ്റ തിരിച്ചടി ദശലക്ഷകണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളാണ് തകര്‍ത്തത്. ലോക ചാമ്പ്യനെ തോല്‍പ്പിച്ച ഉജ്ജ്വല വിജയം അവളുടെ കായിക ജീവിതം കൂടുതല്‍ തിളക്കമുള്ളതാക്കും. വര്‍ണാഭമായ ഭാവി അവളെ കാത്തിരിക്കുന്നുണ്ട്. ഈ ദൗര്‍ഭാഗ്യം അവളുടെ കരിയറിലെ ഒരു കരിനിഴല്‍ മാത്രമാണ്. എന്നാല്‍ അവള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരും. ഞങ്ങളുടെ ആശംസകളും പിന്തുണയും അവള്‍ക്കൊപ്പമുണ്ട്.’ അമിത് ഷാ എക്സില്‍ കുറിച്ചു.

വിനേഷിന്റെ അയോഗ്യത തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എക്സില്‍ പങ്ക് വെച്ച കുറിപ്പില്‍ പറയുന്നുണ്ട്. ‘ഞാന്‍ അനുഭവിക്കുന്ന നിരാശ എത്രയെന്ന് വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാവില്ല. അതേ സമയം, നിങ്ങള്‍ പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയയര്‍ത്തി നേരിടുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ച് വരൂ, ഞങ്ങള്‍ എല്ലാവരും നിങ്ങളുടെ കൂടെയുണ്ട്.’ മോദി എക്സില്‍ കുറിച്ചു.

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്നു വിനേഷ് ഫോഗട്ട്. എന്നാല്‍ ഫൈനലിന് മുന്‍പുള്ള ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മത്സരത്തില്‍ നിന്ന് അയോഗ്യയാവുകയായിരുന്നു.

അതേസമയം പാരിസ് ഒളിമ്പിക്‌സിലെ ഫൈനലില്‍ നിന്ന് അയോഗ്യയാക്കെപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ടുകള്‍ പുറത്ത് വരുന്നുണ്ട്. നിര്‍ജലീകരണത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരീസിലെ ഒളിമ്പിക്‌സ് വില്ലേജിലുള്ള പോളിക്ലിനിക്കിലാണ് നിലവില്‍ വിനേഷ് ഫോഗട്ടിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിലവില്‍ വിനേഷ് ഫോഗട്ടും പരിശീലകരും സപ്പോര്‍ടിങ് സ്റ്റാഫുകളും ക്ലിനിക്കില്‍ തന്നെ തുടരുകയാണ്. ഭാരം കുറക്കുന്നതിനായി മുടിമുറിക്കല്‍ ഉള്‍പ്പടെ നടത്തിയിരുന്നെന്നും എന്നാല്‍ അതൊന്നും ഫലം കണ്ടില്ല എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പി.ടി. ഉഷ ആശുപത്രിയിലെത്തി വിനേഷ് ഫോഗട്ടിനെ സന്ദര്‍ശിക്കുന്നു

അയോഗ്യയാക്കപ്പെട്ട വിവരം ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ വിനേഷ് ഫോഗട്ടിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ പി.ടി. ഉഷയോട് പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പി.ടി. ഉഷ ആശുപത്രിയിലെത്തി വിനേഷ് ഫോഗട്ടിനെ സന്ദര്‍ശിച്ച് രാജ്യത്തിന്റെ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്‌

content highlights: Vinesh Phogat will come back stronger than ever: Amit Shah

We use cookies to give you the best possible experience. Learn more