ന്യൂദല്‍ഹി: സാക്ഷി മാലികിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അര്‍ജുന അവാര്‍ഡും ഖേല്‍ രത്ന പുരസ്‌കാരവും തിരികെ നല്‍കി ഗുസ്തി താരമായ വിനേഷ് ഫോഗട്ട്. അര്‍ജുന അവാര്‍ഡ് ഫലകം കര്‍ത്തവ്യപഥിന് മുന്നില്‍ വെച്ച് ഫോഗട്ട് മടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് മുന്നില്‍ കായിക താരങ്ങളുടെ ശക്തമായ പ്രതിഷേധം നടക്കുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയിലേക്ക് ബ്രിജ് ഭൂഷന്റെ വിശ്വസ്തതനായ സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാക്ഷി മാലികിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് വിനേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഗുസ്തി താരങ്ങള്‍ മെഡല്‍ നേടുമ്പോള്‍ അവരെ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കുന്നുവെന്നും എന്നാല്‍ തങ്ങള്‍ നേരിട്ട പ്രതിസന്ധികളില്‍ നീതി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്നും വിനേഷ് ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിച്ചില്ലെന്നും നീതി നിഷേധിക്കപെട്ടുവെന്നും വിനേഷ് വിമര്‍ശിച്ചിരുന്നു.
ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ബജ്‌റംഗ് പുനിയയും ഡെഫ്ലിംപിക്‌സ് ചാമ്പ്യന്‍ വീരേന്ദര്‍ സിങ് യാദവും തങ്ങള്‍ നേടിയ പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കിയിരുന്നു.
കായിക താരങ്ങളുടെ സമ്മര്‍ദത്തില്‍ ഗുസ്തി ഫെഡറേഷന്‍ പുതിയ ഭരണസമിതിയെ സസ്പെന്റ് ചെയ്തതിനെ തുടര്‍ന്ന് നീതി നടപ്പിലായെന്ന് ഉറപ്പായാല്‍ മാത്രമേ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കൂ എന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ടും പുരസ്‌കാരങ്ങള്‍ സര്‍ക്കാരിന് തിരികെ നല്‍കിയിരിക്കുന്നത്.
Content Highlight: Vinesh Phogat returned Arjuna Award and Khel Ratna Award