50 കിലോഗ്രാം റസ്ലിങ് വിഭാഗത്തില്‍ വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് യോഗ്യത പ്രതീക്ഷ നിലനിര്‍ത്തി
Sports News
50 കിലോഗ്രാം റസ്ലിങ് വിഭാഗത്തില്‍ വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് യോഗ്യത പ്രതീക്ഷ നിലനിര്‍ത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th March 2024, 10:32 pm

പട്യാലയില്‍ നടന്ന ഗുസ്തി സെലക്ഷന്‍ ട്രയല്‍സില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ വിജയിച്ച് വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് യോഗ്യത പ്രതീക്ഷ നിലനിര്‍ത്തി. ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് കൂടെയായ വിനേഷ് ഫോഗട്ട് 2024 പാരീസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യതയിലേക്കാണ് ചുവടുവച്ചത്.

ഗുസ്തി സെലക്ഷന്‍ ട്രയല്‍സിന്റെ ഫൈനലില്‍ ശിവാനിയെ തോല്‍പ്പിച്ചാണ് വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് യോഗ്യത പ്രതീക്ഷ നിലനിര്‍ത്തിയത്. വിനേഷ് അവിശ്വസനീയമായ ഒരു തിരിച്ചുവരവാണ് മത്സരത്തില്‍ കാഴ്ചവെച്ചത്. 1-4 എന്ന പോയിന്റില്‍ പുറകിലായിരുന്ന വിനേഷ് ശിവാനിക്കെതിരെ 11-6ന് വിജയിച്ചാണ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. ഇനി കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഏഷ്യന്‍ ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിനാണ് താരം പോകുന്നത്.

സെലക്ഷന്‍ ട്രയല്‍സിന്റെ സെമിയില്‍ ദേശീയ ചാമ്പ്യന്‍ നിര്‍മല ദേവിയെ 10-0ന് തോല്‍പിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്. കഴിഞ്ഞ മാസമാണ് 50 കിലോഗ്രാം വിഭാഗത്തില്‍ നിര്‍മല ദേശീയ ചാമ്പ്യനായിരുന്നു.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ വനിതാ ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്റെ ഭാഗമായി വിനേഷ് തന്റെ അര്‍ജുന, ഖേല്‍രത്ന അവാര്‍ഡുകള്‍ ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ പാതയിലെ നടപ്പാതയില്‍ ഉപേക്ഷിച്ചിരുന്നു.

മുന്‍ ഡബ്ല്യു.എഫ്.ഐ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് നിരവധി വനിതാ ഗുസ്തിക്കാര്‍ മാസങ്ങളോളം സമരം ചെയ്തിരുന്നു. വിനേഷ്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെ ഇന്ത്യയിലെ മുന്‍നിര ഗുസ്തിക്കാരാണ് ബ്രിജ് ഭൂഷനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

 

Content highlight: Vinesh Phogat kept his Olympic qualification hopes alive in the 50 kg wrestling categor