ന്യൂദല്‍ഹി: പാരീസ് ഒളിമ്പിക്‌സിലെ കടുത്ത പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യയില്‍ തിരിച്ചെത്തി. ദല്‍ഹി വിമാനത്താവളത്തിലെത്തിയ വിനേഷിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
ഹരിയാനയില്‍ നിന്നുള്ള വിനേഷിന്റെ നാട്ടുകാരും അവരെ സ്വീകരിക്കാനായി എത്തിയിരുന്നു. വളരെ വൈകാരികമായാണ് വിനേഷ് തന്റെ സുഹൃത്തുക്കളോട് സംസാരിച്ചത്.
സാക്ഷി മാലികിനെ കണ്ടയുടനെ കെട്ടിപ്പിടിച്ച് വിനേഷ് പൊട്ടിക്കരഞ്ഞു. രാജ്യം നല്‍കിയ പിന്തുണയ്ക്കും താരം നന്ദി പറഞ്ഞു. വിനേഷിനെ എടുത്തുയര്‍ത്തിയാണ് സുഹൃത്തുക്കള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്.
കനത്ത സുരക്ഷയാണ് വിമാനത്താവളത്തില്‍ വിനേഷിന് വേണ്ടി ഒരുക്കിയിരുന്നത്. നൂറുകണക്കിന് ആരാധകര്‍ തന്റെ പേര് വിളിക്കുന്നതുകേട്ടതോട വിനേഷ് വികാരാധീനയായി. ഇത് കേട്ട് പൊട്ടിക്കരഞ്ഞതോടെയാണ് സഹതാരങ്ങളും സുഹൃത്തുക്കളുമായ ബജ്റംഗ് പുനിയയും സാക്ഷി മാലിക്കും വിനേഷിനെ ആശ്വസിപ്പിച്ചു.
മാലയിട്ട്, തുറന്ന ജീപ്പിലാണ് വിനേഷിനെ ആരാധകര്‍ സ്വീകരിച്ചത്. ‘ഞാന്‍ മുഴുവന്‍ രാജ്യത്തിനും നന്ദി പറയുന്നു,’ എന്നായിരുന്നു വിനേഷിന്റെ പ്രതികരണം.
വിനേഷ് ഫോഗട്ടിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോയ പത്ത് ദിവസം ഏറെ കഠിനമായിരുന്നു. ഒരു തരത്തില്‍ മറ്റേതൊരു കായികതാരവും കടന്നുപോകാന്‍ ആഗ്രഹിക്കാത്ത ഒരു പരീക്ഷണത്തിലൂടെയാണ് വിനേഷ് കടന്നുപോയത്.
വനിതകളുടെ 50 കിലോഗ്രാം ഗുസ്തി മത്സരത്തില്‍ നിന്നാണ് വിനേഷ് ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കപ്പെട്ടത്. അന്തരാഷ്ട്ര കായിക കോടതിയില്‍ അപ്പീല്‍ പോയിരുന്നെങ്കിലും ആ അപ്പീല്‍ തള്ളുകയും വിനേഷ് വെള്ളി മെഡലിന് അര്‍ഹയല്ലെന്ന് വിധി പ്രഖ്യാപിക്കുകയും ചെയ്തു.
നാല് തവണ ലോക ചാമ്പ്യനായ ജപ്പാന്റെ യുവി സുസാക്കിക്കെതിരെയായിരുന്നു വിനേഷ് ആദ്യ റൗണ്ടില്‍ വിജയം നേടിയത്. ഒളിമ്പിക് ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയായിരുന്നു വിനേഷ്.
ഒളിമ്പിക്സില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷം വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു, എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ താന്‍ ശക്തയായ തിരിച്ചെത്തുമെന്ന സൂചന വിനേഷ് നല്‍കിയിരുന്നു.
‘2023 വരെ ഞാനെന്റെ മത്സരം തുടര്‍ന്നു. എന്നിലെ പോരാട്ടം ഇനിയും തുടരും. എന്നില്‍ ഗുസ്തി എപ്പോഴും ഉണ്ടായിരിക്കും. എന്റെ ഭാവി എന്തായിരിക്കുമെന്നും അടുത്ത യാത്രയില്‍ എന്നെ കാത്തിരിക്കുന്നത് എന്താണെന്നും എനിക്ക് പ്രവചിക്കാന്‍ കഴിയില്ല. ശരിയായ കാര്യം സംഭവിക്കാനായി ഞാന്‍ പോരാട്ടം തുടരും. എന്നെ കൊണ്ട് അതിന് സാധിക്കുമെന്ന വിശ്വാസമുണ്ട്,’ വിനേഷ് ഫോഗട്ട് സോഷ്യല്‍ മീഡിയയില്‍ എഴുതി.