| Wednesday, 7th August 2024, 8:12 am

അന്ന് തെരുവിൽ പോരാടി, ഇന്ന് ഗോദയിലും; ഒളിമ്പിക്സിൽ ചരിത്രനേട്ടവുമായി വിനേഷ് ഫോഗട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

2024 പാരീസ് ഒളിമ്പിക്‌സ് 50 കിലോഗ്രാം ഫ്രിസ്റ്റൈൽ ഗുസ്തി വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്. പാരീസിലെ ഗ്രാന്‍ഡ് പാലെയ്ഡ് എഫെമെയറില്‍ നടന്ന മത്സരത്തില്‍ ഉക്രൈനിന്റെ ഒക്‌സാന ലിവാച്ചിനെ പരാജയപ്പെടുത്തിയാണ് വിനേഷ് സെമിയിലേക്ക് മുന്നേറിയത്. 7-5 എന്ന സ്‌കോറിനാണ് വിനേഷ് ഉക്രൈന്‍ താരത്തെ വീഴ്ത്തിയത്.

ഈ വിഭാഗത്തിലെ റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം യുയി സുസാസ്‌കിയെയും വിനേഷ് പരാജയപ്പെടുത്തിയിരുന്നു. നാല് തവണ ലോക ചാമ്പ്യനും നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് കൂടിയാണ് സുസാക്കി.

ടോക്കിയോ ഒളിമ്പിക്‌സില്‍ ഒരു പോയിന്റ് പോലും നഷ്ടപ്പെടാതെ സ്വര്‍ണം നേടിയത് സുസാക്കിയായിരുന്നു. തന്റെ കരിയറില്‍ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ആദ്യമായാണ് ജപ്പാന്‍ താരം തോല്‍വി അറിയുന്നത്. നീണ്ട 82 മത്സരങ്ങളാണ് താരം തോല്‍വി അറിയാതെ മുന്നേറിയിരുന്നത്. ഈ വിജയ പരമ്പര അവസാനിപ്പിക്കാനും വിനേഷിന് സാധിച്ചു.

ഈ അവിസ്മരണീയമായ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും വിനേഷ് ഫോഗട്ട് സ്വന്തമാക്കി. ഒളിമ്പിക്‌സില്‍ ഗുസ്തി ഇനത്തില്‍ സെമിഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മാറാനാണ് വിനേഷിന് സാധിച്ചത്.

ഈ ചരിത്രവിജയത്തിന് പിന്നാലെ ഒരു വര്‍ഷം മുമ്പ് ഇന്ത്യയില്‍ വെച്ച് നടന്ന വിനേഷിന്റെ പോരാട്ടങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്.. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് മുന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളില്‍ മുന്നില്‍ നിന്നത് വിനേഷ് ആയിരുന്നു.

വിനേഷിന് പുറമെ സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരും പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരുടെ പ്രതിഷേധങ്ങള്‍ കേന്ദ്രസര്‍ക്കാരും സംവിധാനങ്ങളും അവഗണിച്ചുകൊണ്ട് ബ്രിജ്ഭൂഷണിനൊപ്പം നിലകൊള്ളുകയായിരുന്നു.

പിന്നാലെ തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങളെല്ലാം തിരിച്ചു നല്‍കിക്കൊണ്ട് ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. വിനേഷിന് ലഭിച്ച ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ എന്നിവ താരം തിരിച്ചു നല്‍കുകയായിരുന്നു.

അതേസമയം സെമിഫൈനലില്‍ ക്യൂബയുടെ യുസ്‌നിലിസ് ഗുസ്മാന്‍ ലോപ്പസിനെയാണ് വിനേഷ് നേരിടുക. ഇന്ത്യക്കായി മറ്റൊരു മെഡല്‍ കൂടി വിനേഷിലൂടെ പിറക്കുമെന്നാണ് ഇന്ത്യന്‍ കായികലോകം പ്രതീക്ഷിക്കുന്നത്.

Content Highlight: Vinesh Phogat Historical Win in Paris Olympics 2024

We use cookies to give you the best possible experience. Learn more