ന്യൂദല്‍ഹി: പാരീസ് ഒളിമ്പിക്‌സ് ഫൈനല്‍ മത്സരത്തില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ചര്‍ച്ചയായി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ പഴയ വാക്കുകള്‍. ഒളിമ്പിക്‌സില്‍ തന്നെ പങ്കെടുപ്പിക്കാതിരിക്കാന്‍ ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെയും അദ്ദേഹത്തിന്റെ അനുയായി സഞ്ജയ് സിങ്ങിന്റെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നായിരുന്നു താരം ഈ വര്‍ഷം ഏപ്രിലില്‍ പറഞ്ഞിരുന്നത്. എക്‌സിലൂടെയായിയരുന്നു അന്ന് താരത്തിന്റെ പ്രതികരണം. ഈ പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
തന്നെ ഉത്തേജക മരുന്നില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ അത് കളവാകില്ലെന്നും തന്റെ വെള്ളത്തില്‍ എന്തെങ്കിലും ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി താന്‍ ഭയപ്പെടുന്നു എന്നും അന്ന് താരം പറഞ്ഞിരുന്നു. തനിക്കൊപ്പം നിയമിക്കപ്പെട്ടിട്ടുള്ള സപ്പോര്‍ടിങ് സ്റ്റാഫുകള്‍ എല്ലാം ബ്രിജ്ഭൂഷണിന്റെയും സഞ്ജയ് സിങ്ങിന്റെയും ആളുകളാണെന്നും അന്ന് വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു.
പ്രധാനപ്പെട്ടൊരു മത്സരത്തിന് മുമ്പ് തന്നെ മാനസികമായി തളര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും ഈ 2024 എപ്രില്‍ 12ന് എക്‌സില്‍ കുറിച്ച പോസ്റ്റില്‍ വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ താരത്തെ ഒളിമ്പിക്‌സ് ഫൈനലില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
കിര്‍ഗിസ്ഥാനില്‍ നടന്നിരുന്ന ഒളിമ്പിക്‌സ് യോഗ്യത മത്സരത്തില്‍ തന്നെ പങ്കെടുപ്പിക്കാതിരിക്കാന്‍ വേണ്ടിയും ബ്രിജ്ഭൂഷണ്‍ സിങ്ങും സഞ്ജയ് സിങ്ങും ശ്രമിച്ചിരുന്നതായും താരം അന്ന് പറഞ്ഞിരുന്നു. ഉത്തേജമരുന്ന് ഉപയോഗിക്കുന്നു എന്ന ആരോപണം ഉയര്‍ത്തി തന്നെ മാനസികമായി തകര്‍ക്കാനും ഇരുവരും ശ്രമിക്കുന്നു എന്നും അന്ന് വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു.
തന്റെ കോച്ചിന്റെയും ഫിസിയോയുടെയും അക്രഡിറ്റേഷന് വേണ്ടി കാലങ്ങളായി താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂലമായൊരു തീരുമാനം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. അവര്‍ക്ക് അക്രഡിറ്റേഷന്‍ ലഭിക്കാതിരിക്കുന്നത് മത്സരത്തിന് വേണ്ടി തന്നെ തയ്യാറാക്കുന്നതില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും വിനേഷ് അന്ന് പറഞ്ഞിരുന്നു.
അതേസമയം പാരിസ് ഒളിമ്പിക്‌സിലെ ഫൈനലില്‍ നിന്ന് അയോഗ്യയാക്കെപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ടുകള്‍ പുറത്ത് വരുന്നുണ്ട്. നിര്‍ജലീകരണത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരീസിലെ ഒളിമ്പിക്‌സ് വില്ലേജിലുള്ള പോളിക്ലിനിക്കിലാണ് നിലവില്‍ വിനേഷ് ഫോഗട്ടിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നിലവില്‍ വിനേഷ് ഫോഗട്ടും പരിശീലകരും സപ്പോര്‍ടിങ് സ്റ്റാഫുകളും ക്ലിനിക്കില്‍ തന്നെ തുടരുകയാണ്. ഭാരം കുറക്കുന്നതിനായി മുടിമുറിക്കല്‍ ഉള്‍പ്പടെ നടത്തിയിരുന്നെന്നും എന്നാല്‍ അതൊന്നും ഫലം കണ്ടില്ല എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അയോഗ്യയാക്കപ്പെട്ട വിവരം ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ വിനേഷ് ഫോഗട്ടിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ പി.ടി. ഉഷയോട് പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഒളിമ്പിക്‌സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായിരുന്നു വിനേഷ് ഫോഗട്ട്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെയാണ് താരത്തെ ഇനത്തില്‍ അയോഗ്യയാക്കിയത്. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ അനുവദനീയമായ ഭാരം കൂടിയതായി കണ്ടെത്തിയതാണ് ഫോഗട്ടിന് തിരിച്ചടിയായത്.
ഈ തീരുമാനത്തില്‍ പുനഃപരിശോധന നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അപ്പീല്‍ ആവശ്യപ്പെടിലെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ഈ നടപടിക്കെതിരെ ഇന്ത്യ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തു. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഇനത്തില്‍ അവസാന സ്ഥാനമായിരിക്കും ഫോഗട്ടിന് നല്‍കുക.
ഇന്ന് രാത്രി നടക്കാനിരുന്ന ഫൈനലില്‍ യു.എസ്.എയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടായിരുന്നു വിനേഷ് ഏറ്റുമുട്ടാനിരുന്നത്. എന്നാല്‍ കലാശപ്പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തിന് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്.
content highlights: Vinesh Phogat has long said that cheating is happening; The old words of the star were discussed