പാരീസ് ഒളിമ്പിക്സിൽ വിനേഷ് ഫോഗട്ടിന് അയോഗ്യത; മെഡൽ നഷ്ടപ്പെടും
DSport
പാരീസ് ഒളിമ്പിക്സിൽ വിനേഷ് ഫോഗട്ടിന് അയോഗ്യത; മെഡൽ നഷ്ടപ്പെടും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th August 2024, 12:20 pm

വിനേഷ് ഫോഗട്ടിന് ഒളിമ്പിക്സ് മെഡൽ നഷ്ടമാവും. ഭാര പരിശോധനയിൽ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെയാണ് താരത്തെ ഇനത്തിൽ അയോഗ്യയാക്കിയത്. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി വിഭാഗത്തിൽ അനുവദനീയമായ ഭാരം കൂടിയതായി കണ്ടെത്തിയതാണ് ഫോഗട്ടിന് തിരിച്ചടിയായത്.

ഈ തീരുമാനത്തില്‍ പുനഃപരിശോധന നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ നടപടിക്കെതിരെ ഇന്ത്യന്‍ സംഘം എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തു. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി ഇനത്തില്‍ അവസാന സ്ഥാനമായിരിക്കും ഫോഗാട്ടിന് നല്‍കുക.

കഴിഞ്ഞ ദിവസമാണ് 50 കിലോഗ്രാം ഫ്രിസ്‌റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ വിനേഷ് ഫോഗട്ട് ജയിച്ചിരുന്നത്. ഉക്രൈനിന്റെ ഒക്സാന ലിവാച്ചിനെ 7-5 എന്ന സ്‌കോറിനായിരുന്നു വിനേഷ് പരാജയപ്പെടുത്തിയിരുന്നത്, റൗണ്ട് ഓഫ് 16ല്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്റെ യുയി സുസാസ്‌കിയെ വിനേഷ് പരാജയപ്പെടുത്തിയിരുന്നു.

നാല് തവണ ലോക ചാമ്പ്യനും നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവും ആയിരുന്നു സുസാക്കി. പിന്നീട് ഉക്രൈന്‍ താരത്തെയും ക്യൂബയുടെ ഗുസ്മാന്‍ ലോപ്പസ് യുസ്‌നിലിസിനെയും വീഴ്ത്തിയാണ് വിനേഷ് ഫൈനലിലേക്ക് മുന്നേറിയത്.

ഇന്ന് രാത്രി നടക്കാനിരുന്ന ഫൈനലില്‍ യു.എസ്.എയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടായിരുന്നു വിനേഷ് ഏറ്റുമുട്ടാനിരുന്നത്. എന്നാല്‍ കലാശപ്പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഈ വാര്‍ത്ത പുറത്തുവന്നത് ഇന്ത്യന്‍ കായികലോകത്തിന് വലിയ നിരാശയാണ് നല്‍കിയിരിക്കുന്നത്.

 

 

Content Highlight: Vinesh Phogat Disqualified From Paris Olympics 2024