നിങ്ങളുടെ പോരാട്ടങ്ങള്‍ വിജയിക്കരുതെന്ന് നിര്‍ബന്ധമുള്ളവര്‍ രാജ്യത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ ആ 100 ഗ്രാമിന്റെ അയോഗ്യത സ്വഭാവികമാണെന്ന് വിശ്വസിക്കാനാവില്ല
Notification
നിങ്ങളുടെ പോരാട്ടങ്ങള്‍ വിജയിക്കരുതെന്ന് നിര്‍ബന്ധമുള്ളവര്‍ രാജ്യത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ ആ 100 ഗ്രാമിന്റെ അയോഗ്യത സ്വഭാവികമാണെന്ന് വിശ്വസിക്കാനാവില്ല
ശ്രീജിത്ത് ദിവാകരന്‍
Wednesday, 7th August 2024, 4:22 pm

കഴുത്തില്‍ സ്വര്‍ണമെഡലുമായി വിനേഷ് ഫഗോട്ട് പാരീസില്‍ നിന്ന് ദല്‍ഹിയില്‍ വന്നിറങ്ങിയിരുന്നുവെങ്കില്‍ പല സിംഹാസനങ്ങളും ഇളകിയേനെ.

നാല്‍പത് ദിവസം തെരുവില്‍ സമരം ചെയ്ത, ബി.ജെ.പിയുടെ ഗുണ്ടകള്‍ ആക്രമിച്ച, പ്രധാനമന്ത്രിയുടെ വീടിന്റെ മുന്നില്‍ പുരസ്‌കാരങ്ങള്‍ ഉപക്ഷേിക്കാന്‍ തീരുമാനിച്ച, ഗംഗയില്‍ മെഡലുകള്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ച വിനേഷിന്റെ പോരാട്ടത്തിനെ റെസ്ലിങ് അരീനയ്ക്കകത്തും പുറത്തും പരാജപ്പെടുത്താന്‍ പലര്‍ക്കും താത്പര്യമുണ്ടാകും.

പക്ഷേ മത്സരിക്കുമ്പോള്‍ വിനേഷിന് രണ്ട് കിലോ കൂടുതലായിരുന്നുവെന്നും അത് കുറയ്ക്കാന്‍ അക്ഷീണം ശ്രമിച്ചിട്ടും നൂറ് ഗ്രാം വ്യത്യാസം ഒഴിവാക്കാന്‍ പറ്റിയില്ല എന്നും പ്രചരിക്കുന്നത് അസംബന്ധമാണെന്ന് തോന്നുന്നു.

Vinesh comfortably made the weight on Tuesday morning before the preliminary rounds, but was 100 grams above the limit of 50kgs on Wednesday morning, the day of her final.

എന്നാണ് ഇ.എസ്.പി.എന്‍ എക്സ്പ്ലനേഷനില്‍ പറയുന്നത്. പക്ഷേ പല മീഡിയയും പറയുന്നത് ചൊവ്വാഴ്ച രാവിലെ 50 കിലോയില്‍ താഴെയുണ്ടായിരുന്ന ആള്‍ക്ക് വൈകുന്നേരം ആയപ്പോഴേയ്ക്കും രണ്ട് കിലോ കൂടിയെന്നാണ്.

വിനേഷിനെ മനപൂര്‍വ്വം അപമാനിക്കുന്ന വാര്‍ത്തപോലെയാണ് തോന്നുന്നത്. പ്രിലിമിംസിനും ഫൈനല്‍സിനും മുന്നേ വൈദ്യപരിശോധനയും തൂക്കപരിശോധനവും നടക്കുന്ന ഒളിമ്പിക്സ് ഗുസ്തി പോലൊരു മത്സരവേദിയില്‍ മത്സരാര്‍ത്ഥിക്ക് രണ്ട് കിലോ ഭാരക്കൂടുതല്‍ ഉണ്ടായിരുന്നുവെന്നൊക്കെ പറയുന്നത് എന്ത് തമാശയാണ്. പ്രത്യേകിച്ചും ഒരോ ഗ്രാമും അനുദിനം പരിശോധിക്കുന്ന, അതിനനുസരിച്ച് ജീവിതം ക്രമീകരിക്കുന്ന മത്സരാര്‍ത്ഥികളുടെ കാര്യത്തില്‍.

ഗീത ഫഗോട്ടിന്റേയും അനുജത്തി ബബിതയുടെയും കഥമാത്രമേ സിനിമയായിട്ടുള്ളൂ. അതിനും കഠിനമായ പരീക്ഷണങ്ങള്‍ കടന്ന് വന്നവളാണ് അവരുടെ കസിന്‍ വിനേഷ്.

സിനിമക്കഥകള്‍ തോല്‍ക്കും. കാല്‍മുട്ട് ശസ്ത്രക്രിയ മുതല്‍ അമ്മയുടെ രോഗാവസ്ഥ വരെ. എന്നിട്ടും ഒരു വിട്ടുവീഴചയുമില്ലാതെ പരിശീലനം നടത്തി. നിരന്തരം സ്വയം പുതുക്കി. ആര്‍ക്കുമെത്താനാവാത്ത ഉയരങ്ങളിലെത്തി.

ബി.ജെ.പി ഭരിക്കുമ്പോള്‍ അവരുടെ ഏറ്റവും വലിയ ഗുണ്ടാനേതാക്കള്‍ക്കെതിരെ സ്വന്തം ജിവിതവും പ്രൊഫഷനും തുലാസില്‍ നിര്‍ത്തികൊണ്ട് സമരം ചെയ്യാനും പോരാടാനും അവരെ പ്രേരിപ്പിക്കുന്ന ഇച്ഛാശക്തിയുണ്ടല്ലോ, അതിന്റെ മുന്നില്‍ നൂറ് ഗ്രാം ഭാരമൊന്നും ഒന്നുമല്ല.

സ്വര്‍ണത്തേക്കാളൊക്കെ തിളക്കമുള്ള ജീവിതമാണ്. നിരന്തര പോരാട്ടത്തിന്റേത്. ആ പോരാട്ടങ്ങള്‍ വിജയിക്കരുത് എന്ന് നിര്‍ബന്ധമുള്ളവരാണ് ഈ രാജ്യത്തിന്റെ തലപ്പത്തുള്ളവരെന്നുള്ളത് എന്നറിയാവുന്നത് കൊണ്ട്, ആ 100 ഗ്രാമിന്റെ അയോഗ്യത സ്വഭാവികമായി കാണാന്‍ പറ്റുന്നില്ല.

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.