| Wednesday, 7th August 2024, 5:20 pm

മുടിമുറിച്ചു, രക്തം കുത്തിയെടുത്തു, ഉറങ്ങുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല; എന്നിട്ടും അയോഗ്യയായി; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ സുവര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്നു 29 കാരിയായ വിനേഷ് ഫോഗട്ട്. അധികമായി വന്ന 100 ഗ്രാം ഭാരം തിരിച്ചടിയായത് കേവലം ഒരു വ്യക്തിക്ക് മാത്രമല്ല, 130 കോടി വരുന്ന ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രതീക്ഷകള്‍ക്കാണ്.

കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലില്‍ വിജയിച്ചതോടെ ഒളിമ്പിക്സ് ഫൈനലില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമെന്ന ചരിത്ര നേട്ടം വിനേഷ് ഫോഗട്ട് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അവര്‍ അയോഗ്യയാകുമ്പോള്‍ നഷ്ടമാവുന്നത് വര്‍ഷങ്ങളുടെ കാത്തിരിപ്പാണ്.

50 കിലോഗ്രാം വനിതാ ഗുസ്തിയില്‍ മത്സരിച്ച വിനേഷിന്റെ ഭാരം 50 കിലോ പരിധിക്കുള്ളില്‍ കൊണ്ടുവരാന്‍ അവര്‍ സ്വീകരിച്ച കഠിന പ്രയത്നങ്ങള്‍ പാഴായിപ്പോയതിന്റെ വിഷമത്തിലാണ് അവരുടെ കോച്ചും മറ്റ് സപ്പോര്‍ട്ടിംഗ് അംഗങ്ങളും.

ഗുസ്തിക്കാരുടെ സ്വാഭാവിക ശരീരഭാരം അവര്‍ മത്സരിക്കുന്ന ഡിവിഷനെക്കാള്‍ കൂടുതല്‍ ആണെങ്കില്‍, ഭാരം കുറയ്ക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണ്. വിനേഷിന്റെ സ്വാഭാവിക ശരീര ഭാരം ഏകദേശം 56-57 കിലോയാണ്. അതിനാല്‍ തന്റെ ഭാരം 50 കിലോയായി കുറയ്ക്കാന്‍ അവര്‍ ഏറെ കഠിനാധ്വാനം ചെയ്തിരുന്നു.

ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച്ച രാത്രിയിലെ ഭാരപരിശോധനയില്‍ രണ്ട് കിലോ അധികഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിനേഷിന്റെ പരിശീലകര്‍ അവരെ തീവ്ര പരിശീലനത്തിന് വിധേയമാക്കിയിരുന്നു എന്നാണ് വിവരം. സമ്മര്‍ദം വര്‍ധിപ്പിക്കാനായി വിനേഷിനെ പരിശീലകര്‍ രാത്രി മുഴുവന്‍ ഉറങ്ങാന്‍ അനുവദിച്ചില്ല. 12 മണിക്കൂറോളം ഒന്നും കുടിക്കുകയോ കഴിക്കുകയോ ചെയ്തില്ല, അഅമിത ഭാരം കുറയ്ക്കാന്‍ നിരന്തരമായി ജോഗിംഗ്,സ്‌കിപ്പിംഗ്,സൈക്കിളിംഗ് എന്നിവ പരിശീലിച്ചു.

ഇവയൊന്നും ഫലിക്കാതെ വന്നപ്പോള്‍ പരിശീലകര്‍, വിനേഷിന്റെ മുടി മുറിക്കുകയും രക്തം കുത്തിയെടുക്കുകയും ചെയ്തു. എന്നാല്‍ ഇവയൊന്നും ഫലം കണ്ടില്ല. കഠിന പരിശീലനം കാരണം അവശയായ വിനേഷിന് തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒളിമ്പിക് വില്ലേജിലെ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിരുന്നു.

ഭാരപരിശോധനയില്‍ പരാജയപ്പെട്ട വിനേഷ് ഫോഗട്ട്, യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗിന്റെ നിയമങ്ങള്‍ അനുസരിച്ച് മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും റാങ്കിങ് ഇല്ലാതെ അവസാന സ്ഥാനത്തേക്ക് മാറുകയും ചെയ്യും. സെമി ഫൈനലില്‍ വിനേഷ് തോല്‍പ്പിച്ച ഗുസ്മാന്‍ ലോപ്പസ് യൂസ്നെലിസ് ഫൈനലില്‍ അമേരിക്കന്‍ താരം സാറാ ഹില്‍ഡെബ്രാന്റെയെ നേരിടും.

Content Highlight: Vinesh Phogat cut hair, drew out blood, didn’t sleep or drink water to reduce excess weight but nothing worked: Reporst

We use cookies to give you the best possible experience. Learn more