ന്യൂദല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ നിന്ന് വിനേഷും ബദ്‌ലി മണ്ഡലത്തില്‍ നിന്ന് ബജ്‌റംഗ് പൂനിയയും മത്സരിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അടുത്ത ദിവസങ്ങളില്‍ ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ഉണ്ടാകും.
എന്നാല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ച 66 പേരുടെ അന്തിമ ലിസ്റ്റില്‍ ഇവരുടെ പേര് ഇവരുടെ പേര് ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ബാക്കിയുള്ള 24 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇതുവരെ കോണ്‍ഗ്രസ് പുറത്ത് വിട്ടിട്ടില്ല.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മൂവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്ത് വന്നതോടെയാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.
പാരിസ് ഒളിമ്പിക്‌സിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ വിനേഷ് ഫോഗട്ട് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പുറമെ കര്‍ഷകസമരം നടക്കുന്ന പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലെത്തിയ വിനേഷ് ഫോഗട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു.
മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടും ബജറംഗ് പൂനിയയും കര്‍ഷക സമരത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
അതിനാല്‍ തന്നെ വിനേഷിന്റെ രാഷ്ട്രീയ പ്രവേശനം ബി.ജെ.പിക്ക് എതിരെയുള്ള പോരാട്ടത്തില്‍ മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
അതേസമയം ഹരിയാനയിലെയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാന്‍ ആം ആദ്മിയുമായ് സഖ്യം ഉണ്ടാക്കണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ ഈ തീരുമാനത്തോട് ഭൂപീന്ദര്‍ ഹൂഡ അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല എന്നാണ് സൂചന. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അഞ്ച്, എട്ട് തിയതികളില്‍ നടക്കും.
Content Highlight: Wrestlers Vinesh Phogat and Bajrang Punia joins Congress