| Friday, 6th September 2024, 4:12 pm

വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസ് അംഗത്വമെടുത്തു. അംഗത്വമെടുക്കാന്‍ എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും  അതിനുശേഷം മാധ്യമങ്ങളെ കണ്ടിരുന്നു.

‘ആദ്യം തന്നെ ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നന്ദി പറയുകയാണ്. കാരണം നമ്മുടെ മോശം സമയങ്ങളില്‍ മാത്രമാണ് ആരാണ് നമ്മുടെ കൂടെയുള്ളതെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളു. ഞങ്ങള്‍ റോഡില്‍ സമരം ചെയ്യുമ്പോള്‍ ബി.ജെ.പി ഒഴികെയുള്ള രാജ്യത്തെ എല്ലാ പാര്‍ട്ടികളും ഞങ്ങളുടെ വേദനയും കണ്ണുനീരും മനസിലാക്കി. അതിനാല്‍ സ്ത്രീകളുടെ വേദനയും ആത്മാഭിമാനവും മനസിലാക്കുന്ന കോണ്‍ഗ്രസ് പൊലൊരു പാര്‍ട്ടിയില്‍ അംഗമാകുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു.

ഗുസ്തിയിലൂടെ എന്നാല്‍ ആകും വിധം ഏവര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പ്രചോദനമാകാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ബി.ജെ.പി ഐ.ടി സെല്ലുകള്‍ ഞങ്ങള്‍ക്കെതിരെ വ്യാപകമായി പ്രചരണം നടത്തി. ഞങ്ങള്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് അവര്‍ ആരോപിച്ചത്. എനിക്ക് നാഷണല്‍ ലെവലില്‍ കളിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു, ഒളിമ്പിക്‌സില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു, എന്നാല്‍ ഞാന്‍ അതെല്ലാം തെറ്റാണെന്ന് കാണിച്ചുകൊടുത്തു. ഞാന്‍ ഒളിമ്പിക്‌സ് ഫൈനല്‍ വരെയെത്തി.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചില കാര്യങ്ങള്‍ സംഭവിച്ചു. എന്നാല്‍ എനിക്ക് ഒരു കാര്യ ഉറപ്പായി. നമ്മള്‍ കഠിനാധ്വാനം ചെയ്താല്‍ വേറെ ഏതെങ്കിലും വഴിക്ക് നമ്മുക്ക അതിന്റെ ഫലം കിട്ടും. ദൈവം എനിക്ക് എന്റെ രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള അവസരം തന്നിരിക്കുകയാണ് ഇപ്പോള്‍. ഞങ്ങളുടെ പോരാട്ടം ഇതുവരെയും അവസാനിച്ചിട്ടില്ല. അതിപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ആണ്. ഞാന്‍  രാജ്യത്തെ സഹോദരിമാരോട്, ഒരു കാര്യം ഉറപ്പ് പറയുകയാണ്. അവരുടെ പ്രതിസന്ധി ഘട്ടത്തില്‍ ഞാന്‍ അവരുടെ കൂടെയുണ്ടാകും. കോണ്‍ഗ്രസ് പാര്‍ട്ടിയും കൂടെയുണ്ടാകും. അത് ഞാന്‍ എന്റെ അനുഭവത്തില്‍ നിന്ന് മനസിലാക്കിയതാണ്,’ വിനേഷ് പറഞ്ഞു.

വിനേഷിന്റെയും ബജ്‌റംഗ് പൂനിയയുടെയും രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന്റെ അഭിമാന നിമിഷമാണെന്ന് എ.ഐ.സി.സി വക്താവ് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. എന്നാല്‍ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം ഗൂഢാലോചനയായി കാണുന്ന നിലപാട് തെറ്റ് ആണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പായി വിനേഷ് തന്റെ റെയിവേ ജോലി രാജിവെച്ചിരുന്നു.

Content Highlight: Vinesh Phogat and Bajrang Punia joined Congress

We use cookies to give you the best possible experience. Learn more