ന്യൂദല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളുയരുന്നു. വനിതാ ഗുസ്തി താരങ്ങളെ ബ്രിജ് ലൈംഗിമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പ്രശസ്ത ഗുസ്തി താരമായ വിനേഷ് ഫൊഗട്ടിന്റെ വെളിപ്പെടുത്തല്‍.
‘നാഷണല്‍ ക്യാമ്പുകളില്‍ വെച്ച് കോച്ചുകളും ബ്രിജ് ഭൂഷണും വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു. നാഷണല്‍ കോച്ചുകളില്‍ പലരും വര്‍ഷങ്ങളായി ഇത്തരത്തില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരാണ്.
നാഷണല്‍ ക്യാമ്പുകളില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ട 20 പെണ്‍കുട്ടികളെയെങ്കിലും എനിക്കറിയാം. പലരും കരഞ്ഞുകൊണ്ട് പരാതി പറഞ്ഞതും എനിക്കറിയാം,’ വിനേഷ് ഫൊഗട്ട് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ കേസര്‍ഗഞ്ചില്‍ നിന്നുള്ള ബി.ജെ.പി എം.പി കൂടിയാണ് ബ്രിജ് ഭൂഷണ്‍.
ബുധനാഴ്ച ഉച്ച മുതല്‍ ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ലോകജേതാക്കളായ ഇന്ത്യന്‍ ഗുസ്തി താരങ്ങളടക്കമുള്ളവര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്നുണ്ട്. വിനേഷ് ഫൊഗാട്ടിനൊപ്പം സാക്ഷി മാലിക്, സംഗീത ഫൊഗട്ട്, സോനം മാലിക്, ബജ്‌രംഗ് പൂനിയ, അന്‍ഷു എന്നിങ്ങനെ നിരവധി പേര്‍ പ്രതിഷേധിക്കുന്നുണ്ട്.
ഈ സമരത്തിനിടയിലാണ് വനിതാ ഗുസ്തിതാരങ്ങള്‍ക്കെതിരെ അതിക്രമം നടക്കുന്നുവെന്ന് വിനേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പേരില്‍ തന്റെ ജീവന്‍ വരെ അപകടത്തിലായേക്കാമെന്ന ഭയമുണ്ടെന്നും വിനേഷ് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ടല്ല ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനെതിരെയാണ് തങ്ങളുടെ സമരമെന്നുമാണ് ബജ്‌രംഗ് പൂനിയ പറഞ്ഞത്. ഇതിന് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും അതുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ക്ഷണിക്കാത്തതെന്നും ബജ്‌റങ് പറഞ്ഞു.
‘ഞങ്ങള്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുമ്പോള്‍ എല്ലാവര്‍ക്കും വലിയ ആഘോഷമാണ്. പക്ഷെ അതിനുശേഷം ഞങ്ങളോട് ഫെഡറേഷനടക്കം എങ്ങനെയാണ് പെരുമാറുന്നതെന്ന് ആരും അന്വേഷിക്കാറില്ല.
ഇത്രയും നാള്‍ മിണ്ടാതെയിരുന്ന് എല്ലാം സഹിച്ചു. ഫെഡറേഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ ഇനിയും മിണ്ടാതിരിക്കാനാകില്ല,’ പൂനിയ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ ഇടപെട്ട് തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് വരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു.
Content Highlight: Vinesh Phogat accuses Wrestling Federation of India president Brij Bhushan Sharan of sexual harassment