കോഴിക്കോട്: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ അഴിമതിയാരോപിച്ച് ഇടതുപാര്‍ട്ടികള്‍ സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനിടെ പ്രതികരണം തേടിയെത്തിയ തന്നോട് കയര്‍ത്ത സി.പി.ഐ.എം ജില്ലാ സെക്രട്ടറിക്കെതിരേ മാധ്യമപ്രവര്‍ത്തക. അസഹിഷ്ണുതയ്ക്ക് മുന്നില്‍ അവസാനിക്കുന്നതല്ല ചോദ്യങ്ങളെന്ന് ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തക വിനീത അമ്പാടി ഫേസ്ബുക്കില്‍ കുറിച്ചു.
മാര്‍ച്ചിനിടെ സമരത്തെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകയോടായിരുന്നു ലൈവ് വീഡിയോയില്‍ ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ കയര്‍ത്തു സംസാരിച്ചത്. ‘മാറിനില്‍ക്ക് അങ്ങോട്ട്’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.
കോഡ് ലെസ്സ് മൈക്കിന് കേബിള്‍ ഇല്ലെന്ന് കൂടി അങ്ങയെ ഓര്‍മ്മിപ്പിക്കട്ടെ എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
വിനീത അമ്പാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ഓരോ വാര്‍ത്തയും കര്‍ത്തവ്യമാണ്.അത് കൃത്യമായി ചെയ്യാന്‍ ശ്രമിക്കാറും ഉണ്ട്.പാലാരിവട്ടം പാലത്തേക്കുള്ള ഇടതു മുന്നണിയുടെ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് ഇന്ന് പോയത്.മാര്‍ച്ചുകള്‍ക്കിടയില്‍ നേതാക്കളെ കാണുന്നതും പ്രതികരണം തേടുന്നതും സ്വാഭാവികം.എല്‍ ഡി എഫ് കണ്‍വീനര്‍ വിജയരാഘവന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചു.. എങ്ങനെയാണ് സമരപരിപാടികളുമായി മുന്നോട്ടു പോകുന്നത് എന്ന ചോദ്യമാണ് എറണാകുളം സി പി ഐ എം ജില്ലാസെക്രട്ടറി സി എന്‍ മോഹനനോട് ചോദിച്ചത്( തല്‍സമയം ബുള്ളറ്റിനില്‍ )കാര്യകാരണങ്ങള്‍ കൃത്യമായി പറയാന്‍ ഉതകുന്ന ചോദ്യം എന്നിട്ടും എന്തൊക്കെ ആവിശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരം എന്നപോലും പറയാതെ അദ്ദേഹം അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചത്.അദ്ദേഹത്തിന്റെ പ്രതികരണം ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതികരിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ അത് മാന്യമായി പറയാമായിരുന്നു.മാറിനില്‍ക്കാനും മടങ്ങിപോകാനും ആക്രോശിക്കാന്‍ പ്രസംഗത്തിനിടയല്‍ വന്നല്ല പ്രതികരണം ചോദിച്ചത്.ഉത്തമ ബോധ്യത്തോടെയാണ് ഈ ജോലി ചെയ്യുന്നത് അത് കൊണ്ട് അസഹിഷ്ണുതക്ക് മുന്നില്‍ അവസാനിക്കുന്നതല്ല ചോദ്യങ്ങള്‍. അത് ഇനിയും ഞങ്ങള്‍ അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് ഉയരും. മറുവശത്ത് താങ്കള്‍ ആണെങ്കില്‍ കൂടിയും…
( കോഡ് ലെസ്സ് മൈക്കിന് കേബിള്‍ ഇല്ലെന്ന് കൂടി അങ്ങേയെ ഓര്‍മ്മിപ്പിക്കട്ടെ )