ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. അനശ്വര രാജന്‍, മമിത ബൈജു, അര്‍ജുന്‍ അശോകന്‍, നസ്‌ലെന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ അഭിനയിച്ചിരുന്നത്. ഒരു കോളേജ് കാലഘട്ടത്തിലെ പ്രണയമായിരുന്നു സൂപ്പര്‍ ശരണ്യയിലൂടെ ഗിരീഷ് പറഞ്ഞത്.
സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടനായിരുന്നു വിനീത് വിശ്വം. ഇപ്പോള്‍ ചിത്രത്തിലെ തന്റെ ആദ്യ സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് വിനീത്. ആ സീന്‍ ഒരാഴ്ച മാത്രമേ തിയേറ്ററില്‍ കളിച്ചിരുന്നുള്ളൂവെന്നും അതിന് ശേഷം അത് ട്രിമ് ചെയ്തു പോയെന്നും നടന്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.
‘സൂപ്പര്‍ ശരണ്യ സിനിമ എനിക്ക് ആദ്യമായി കിട്ടുന്ന പ്രധാനപ്പെട്ട ഒരു റോളായിരുന്നു. ആ കാര്യം എനിക്ക് വ്യക്തമായി അറിയാമായിരുന്നു. ഞാന്‍ ആ സിനിമക്ക് വേണ്ടി ഒരുപാട് പ്രാക്ടീസ് ചെയ്തിരുന്നു. അതില്‍ എന്റെ ഫസ്റ്റ് സീന്‍ ആ സിനിമയിലെ ക്ലൈമാക്‌സ് സീന്‍ ആയിരുന്നു. ആ സീന്‍ സത്യത്തില്‍ ഒരാഴ്ച മാത്രമേ തിയേറ്ററില്‍ കളിച്ചിരുന്നുള്ളൂ. അതിന് ശേഷം അത് ട്രിമ് ചെയ്തു പോകുകയായിരുന്നു. വിനീതുമായുള്ള (വിനീത് വാസുദേവന്‍) ഒരു ഹോസ്പിറ്റല്‍ സീനായിരുന്നു അത്.
ആദ്യം തന്നെ എനിക്ക് തന്നത് ഒരു പാരഗ്രാഫ് ഡയലോഗായിരുന്നു. നമ്മളായി പ്രശ്‌നം ഉണ്ടാക്കരുതെന്ന് കരുതി ഞാന്‍ ആ ഡയലോഗൊക്കെ കാണാപാഠം പഠിച്ചിരുന്നു. അവസാനം എന്നെ ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ പോലും ഞാന്‍ ഈ ഡയലോഗ് പറയുന്ന അവസ്ഥയായി. ബാത്ത്‌റൂമില്‍ പോയി മുഖം കഴുകുമ്പോള്‍ കണ്ണാടിയില്‍ എന്റെ മുഖം കണ്ടാലും ഞാന്‍ ഈ ഡയലോഗ് പറയും. അവസാനം പറഞ്ഞു പറഞ്ഞ് പഠിച്ച് ഞാന്‍ ഡയലോഗ് കാണാപാഠം പഠിച്ചു.
കൊറോണ സമയത്തായിരുന്നു ഷൂട്ട് നടന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു ഷൂട്ടിങ്. അതുകൊണ്ട് അവിടെ അധികനേരം ഷൂട്ട് ചെയ്യാന്‍ പറ്റില്ല. ബാക്കിയുള്ളവരൊക്കെ സിനിമയില്‍ ഒന്നോ രണ്ടോ സീനുകള്‍ അഭിനയിക്കുകയും അവര്‍ ആ സിനിമയില്‍ ഇന്‍ ആവുകയും ചെയ്തിരുന്നു. പക്ഷെ എന്റേത് ആദ്യ സീനാണ്. അതുകൊണ്ട് എല്ലാവരും ഞാന്‍ എങ്ങനെയാകും അഭിനയിക്കുകയെന്ന് ഓര്‍ത്തിട്ട് ഓരോ വശത്ത് നിന്നും നോക്കി കൊണ്ടിരിക്കുകയാണ്. അങ്ങനെ ഞങ്ങള്‍ സീനില്‍ അഭിനയിക്കാന്‍ തുടങ്ങി.
ഞാന്‍ വന്ന് ഡയലോഗ് പറയാന്‍ തുടങ്ങിയതും വിനീത് കൗണ്ടറടിക്കാന്‍ തുടങ്ങി. ‘സ്‌കൂളില്‍ വെച്ച് കാണണം നിന്നെ’ എന്ന് ഞാന്‍ പറയുമ്പോള്‍ അവന്‍ ‘എന്തിനാണ്’ എന്ന് ചോദിച്ചു. അതോടെ ഞാനും എന്തിനാണെന്ന് ഓര്‍ത്തു. അങ്ങനെ എന്റെ കൈയ്യില്‍ നിന്ന് പോയി. അവസാനം ടേക്കുകളുടെ എണ്ണം കൂടി. എനിക്ക് വലിയ പ്രശ്‌നമായി. എങ്കിലും ഞാന്‍ ആ സീന്‍ ഓക്കെയാക്കി.
ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ ഗിരീഷിനെ വിളിച്ചു. എങ്ങനെയുണ്ട് സീനെന്ന് ചോദിച്ചപ്പോള്‍ കുഴപ്പമില്ലെന്നായിരുന്നു പറഞ്ഞത്. ആ സീന്‍ വേണമെങ്കില്‍ കട്ട് ചെയ്‌തേക്കാന്‍ ഞാന്‍ പറഞ്ഞു. കാരണം എന്റെ ഫുള്‍ കോണ്‍ഫിഡന്‍സ് പോയിരുന്നു. എനിക്ക് പറ്റിയ പണിയല്ല അഭിനയമെന്ന് പോലും തോന്നി. ഗിരീഷ് ആ സീന്‍ കട്ട് ചെയ്യേണ്ടെന്ന് പറഞ്ഞു. കൂടെ ഇനി നീ ഓവറായി പ്രാക്ടീസ് ചെയ്യേണ്ടെന്നും പറഞ്ഞു. പിന്നീട് അങ്ങോട്ടുള്ള സീനുകള്‍ എനിക്ക് ഓക്കെയായിരുന്നു,’ വിനീത് വിശ്വം പറയുന്നു.
Content Highlight: Vineeth Vishwam Talks About Super Sharanya Movie Climax Scene