| Monday, 30th January 2023, 6:48 pm

ഒരു കോഴിയെ കിട്ടാന്‍ കോഴിക്കോട് മുഴുവന്‍ അലഞ്ഞു, പറമ്പുകളിലൊക്കെ തപ്പി നടന്നിട്ടുണ്ട്: വിനീത് വാസുദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡിയും നിര്‍മിച്ച് വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത് ജനുവരി 20ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് പൂവന്‍. ആന്റണി വര്‍ഗീസ് നായകനായെത്തിയ സിനിമയില്‍ സംവിധായകനും തിരക്കഥാകൃത്തും തുടങ്ങി പലരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കോഴി ഒരു പ്രധാന വേഷത്തിലെത്തുന്നു എന്നത് പൂവന്‍ സിനിമയുടെ വലിയ പ്രത്യേകതയാണ്. സിനിമയിലെ കോഴിയുടെ പ്രകടനം കണ്ടിരിക്കുക തന്നെ രസകരമായിരുന്നു. സിനിമയിലേക്കുള്ള കോഴിയെ കണ്ടുപിടിക്കാന്‍ താന്‍ നടത്തിയ യാത്രയെ കുറിച്ച് പറയുകയാണ് പൂവന്റെ സംവിധായകന്‍ വിനീത് വാസുദേവന്‍. അത്തരത്തിലൊരു ട്രയിന്‍ഡ് കോഴിയെ കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നെന്നും കോഴിക്കോട് മുഴുവന്‍ അതിനുവേണ്ടി അലഞ്ഞുവെന്നും വിനീത് പറഞ്ഞു.

‘സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ നമുക്ക് ഏറ്റവും ചലഞ്ചിങ്ങായിട്ടുള്ള കാര്യം ഒരു കോഴിയെ കണ്ടുപിടിക്കുക എന്നതായിരുന്നു. കാരണം കോഴിയെ അഭിനയിപ്പിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ. അനിമല്‍ ട്രയിനേഴ്‌സിനെ പലരെയും പോയി കണ്ടിരുന്നു. അവരെല്ലാം പൂച്ചയേയും പട്ടിയേയുമൊക്കെ ട്രയിന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കോഴിയുടെ കാര്യം അങ്ങനെയായിരുന്നില്ല.

അങ്ങനെ ട്രയിന്‍ഡായിട്ടുള്ള കോഴിയെ എന്തായാലും കിട്ടില്ല എന്നുറപ്പാണ്. കോഴിയെ അഭിനയിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് യൂട്യൂബില്‍ ഒരു പയ്യനെ കാണുന്നത്. നവനീത് എന്നാണ് അവന്റെ പേര്. അവന്റെ വീട് കോഴിക്കോടാണ്. ശിവറാം എന്നൊരു കോഴിയെ അവന്‍ വളര്‍ത്തുന്നുണ്ടായിരുന്നു.

അവന്‍ എന്ത് പറഞ്ഞാലും ആ കോഴി ചെയ്യും. കൂവാന്‍ പറഞ്ഞാല്‍ കൂവും ദേഹത്തേക്ക് ചാടാന്‍ പറഞ്ഞാല്‍ ചാടും അവന്റെ കൂടെ നടക്കും. അത് കണ്ടപ്പോള്‍ ഞങ്ങള്‍ അവനെ വിളിച്ച് ചോദിച്ചു ഒരു കോഴിയെ മേടിച്ച് തന്നാല്‍ അതുപോലെ ട്രയിന്‍ ചെയ്ത് തരാമോയെന്ന്. കാരണം അവന്റെ കയ്യിലുള്ളത് ഇറച്ചി കോഴിയായിരുന്നു.  എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടത് നാടന്‍ കോഴിയെ ആയിരുന്നു.

പിന്നെ ഞങ്ങള്‍ നല്ലൊരു കോഴിയെ അന്വേഷിച്ച് കോഴിക്കോട് മുഴുവന്‍ തിരച്ചില്‍ ആരംഭിച്ചു. ഞാനും സിനിമയുടെ അസോസിയേറ്റായ സുഹൈലും കൂടിയാണ് കോഴിയെ അന്വേഷിച്ച് കോഴിക്കോട് മുഴുവന്‍ നടന്നത്. ഈ സിനിമയിലെ ഏറ്റവും രസകരമായ അനുഭവം അതാണെന്നാണ് എനിക്ക് തോന്നുന്നത്. വീടുകളുടെ പറമ്പിലൊക്കെ ഞങ്ങള്‍ കോഴിയെ തപ്പി പോയിട്ടുണ്ട്.

നല്ലൊരു കോഴിയെ കിട്ടാന്‍ വേണ്ടി കോഴിക്കടയിലും ഇറച്ചി കടയിലുമൊക്കെ കയറിയിറങ്ങി നടക്കേണ്ടി വന്നിട്ടുണ്ട്. പല കോഴികളെയും കാണുമ്പോള്‍ നമുക്കൊരു സങ്കടമൊക്കെ തോന്നും. കാരണം അതിനെയൊക്കെ വെട്ടാന്‍ നിര്‍ത്തിയിരിക്കുവാണല്ലോ. അതിനെ മേടിക്കാന്‍ നമ്മള്‍ ചെല്ലുമ്പോള്‍ ശരിക്കും പറഞ്ഞാല്‍ അതിങ്ങള്‍ക്ക് പേടിയാണ്. നവനീത് കോഴിയെ ഡീല്‍ ചെയ്യുന്നത് കാണാന്‍ ഭയങ്കര രസമാണ്. അവന്‍ കോഴിയെ കയ്യിലെടുക്കുമ്പോള്‍ പോലും അതിനെ നന്നായി കെയര്‍ ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട്,’ വിനീത് വാസുദേവന്‍ പറഞ്ഞു.

content highlight: vineeth vasudevan talks about his new movie poovan

We use cookies to give you the best possible experience. Learn more