തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡിയും നിര്‍മിച്ച് വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത് ജനുവരി 20ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് പൂവന്‍. ആന്റണി വര്‍ഗീസ് നായകനായെത്തിയ സിനിമയില്‍ സംവിധായകനും തിരക്കഥാകൃത്തും തുടങ്ങി പലരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സിനിമയില്‍ അഭിനയിക്കുമ്പോള്‍ അന്റണി വര്‍ഗീസുമായിട്ടുള്ള അനുഭവങ്ങള്‍ എങ്ങനെയുണ്ടായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍. സിനിമ ഷൂട്ട് ചെയ്തത് ഒരു കോഴിയെ വെച്ചുകൊണ്ടായിരുന്നു എന്നും അതുകൊണ്ട് തന്നെ ആന്റണി ക്ഷമ കാണിച്ചില്ലായിരുന്നെങ്കില്‍ ഒന്നും നടക്കില്ലായിരുന്നു എന്നും വിനീത് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘പെപ്പെയുമായിട്ടുള്ള പരിപാടി ശരിക്കും നല്ല രസമുണ്ടായിരുന്നു. പുള്ളി ഞങ്ങളോട് നല്ല രീതിയില്‍ സഹകരിച്ചിരുന്നു. ഞങ്ങള്‍ ഒരിക്കലുമത് പ്രതീക്ഷിച്ചിരുന്നില്ല. ഗ്രൂമിങ്ങിനൊന്നും വരില്ലെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ അങ്ങനെയായിരുന്നില്ല. ഗ്രൂമിങ്ങിനൊക്കെ പുള്ളി വന്നു. പിന്നെ ഈ സിനിമ ഷൂട്ട് ചെയ്യുന്നത് ഒരു കോഴിയെ വെച്ചായിരുന്നല്ലോ. അങ്ങനെയാകുമ്പോള്‍ അവന്‍ ക്ഷമ കാണിച്ചില്ലെങ്കില്‍ ഒന്നും നടക്കില്ല.
പിന്നെ മൊത്തത്തില്‍ എല്ലാവരും സൂപ്പര്‍ ശരണ്യയിലും നമ്മുടെ മറ്റ് ഷോര്‍ട്ട് ഫിലിമിലുമൊക്കെ അഭിനയിച്ചിട്ടുള്ളവരാണ്. അവരുടെയൊക്കെ കൂടെ പെപ്പെ സിങ്കായെങ്കില്‍ മാത്രമെ സിനിമ നന്നായി ചെയ്യാന്‍ പറ്റത്തൊള്ളു. എല്ലാവരുടെയും കൂടെ സിങ്കാവാനും അവന് വേഗം കഴിഞ്ഞു. ഈ സിനിമയിലെ ചേച്ചിമാരൊക്കെ പുതിയ ആളുകളാണ് അവരുടെ കൂടെയും പെപ്പെ പെട്ടെന്ന് തന്നെ സിങ്കായി.
പെപ്പെയുടെ ഒരു സ്വഭാവം വെച്ചിട്ട് അഗ്രസീവായ വേഷങ്ങളൊക്കെ വലിയ കഷ്ടപ്പാടൊന്നുമില്ലാതെ ചെയ്യാന്‍ കഴിയും. പക്ഷെ സര്‍ട്ടിലായിട്ട് പെര്‍ഫോം ചെയ്യുമ്പോള്‍ അവന് തന്നെ അറിയാം നന്നായി കഷ്ടപ്പെടേണ്ടി വരുമെന്ന്. അതുപോലെ വേറെ വേറെ പുതിയ പരിപാടികളൊക്കെ ചെയ്യണമെന്ന് അവന് നല്ല ആഗ്രഹമുണ്ട്. നമ്മള്‍ എന്ത് പറഞ്ഞാലും ചെയ്യാനായിട്ട് തയാറായിട്ടാണ് അവന്‍ എപ്പോഴും നില്‍ക്കുന്നത്,’ വിനീത് വാസുദേവന്‍ പറഞ്ഞു.
സിനിമയിലെ താരങ്ങളുടെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതായിരുന്നു. ഒരു നാട്ടുമ്പുറവും സാധാരണക്കാരായ അവിടുത്തെ മനുഷ്യരും അവരുടെ പ്രശ്‌നങ്ങളും സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. തിയേറ്ററില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.
content highlight: vineeth vasudevan talks about antony varghese