| Sunday, 27th March 2022, 12:01 pm

ചാള കഴിക്കാന്‍ വേണ്ടി ഞാന്‍ ചെറിയൊരു പ്രിപ്പറേഷന്‍ എടുത്തിരുന്നു; ചാള ഇഷ്ടമായില്ലെന്ന് പറയുന്നത് ചിലപ്പോള്‍ ചാള ഫാന്‍സിന് ഇഷ്ടപ്പെടില്ല: വിനീത് വാസുദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി. രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. അനശ്വര രാജന്‍, മമിത ബൈജു, അര്‍ജുന്‍ അശോകന്‍, നസ്‌ലന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

സാധാരണ ക്യാമ്പസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പെണ്‍കുട്ടികളുടെ കോളേജ്- ഹോസ്റ്റല്‍ ജീവിതം മനോഹരമായി ആവിഷ്‌കരിച്ച ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. ഒരു പെണ്‍കുട്ടിയുടെ കോളേജ് കാലവും പിന്നീട് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.

സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് അജിത് മേനോന്‍. വിനീത് വാസുദേവനാണ് ചിത്രത്തില്‍ അജിത് മേനോനായെത്തുന്നത്.

സിനിമയില്‍ ചാള കഴിക്കുന്ന സീന്‍ എങ്ങനെയാണ് ചെയ്തതെന്ന് പറയുകയാണ് താരം. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് സിനിമയെ കുറിച്ച് സംസാരിക്കുന്നത്.

‘സിനിമയില്‍ ഏറ്റവും ആദ്യം എടുത്തത് കാന്റീന്‍ സീനാണ്. നോക്കുമ്പോ ഒരുപാട് പിള്ളേര്‍ ഇരിക്കുന്നു ഞാന്‍ കൂളിങ് ഗ്ലാസ് വെച്ച് വരുന്നു അതുകണ്ട് എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നു. ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് പേടിയായിരുന്നു. ഈ ചാള കഴിക്കാന്‍ വേണ്ടി ഞാന്‍ ചെറിയൊരു പ്രിപ്പറേഷന്‍ എടുത്തിരുന്നു. ഹോട്ടലിലൊക്കെ പോയി ചാള കഴിച്ച് നോക്കി. കാരണം എനിക്ക് ടെന്‍ഷനായി കഴിഞ്ഞാല്‍ ഈ ക്യാരക്ടര്‍ മൊത്തം പൊളിഞ്ഞ് പോകില്ലെ.

ചാള കഴിച്ച് കഴിഞ്ഞിട്ട് അതിന്റെ ടേസ്റ്റ് എനിക്കങ്ങട് പറ്റുന്നില്ല. അത് പറയുന്നത് ചിലപ്പോള്‍ ചാള ഫാന്‍സിന് ഇഷ്ടപ്പെടില്ല. ചാളക്ക് ഒരുപാട് ഫാന്‍സുണ്ടെന്ന് എനിക്ക് മനസിലായി. എന്നോട് ഒരുപാട് ചോദിച്ചു ചാള കഴിക്കാന്‍ എന്താടോ ഇത്ര പ്രശ്‌നം എന്ന്.

ഇതുവരെ കഴിക്കാത്ത ഒരു സാധനം കഴിക്കുമ്പോള്‍ അതില്‍ നല്ല ബുദ്ധിമുട്ടുണ്ട്. ചാള മാറ്റി ഒരു പപ്പടമാക്കാന്‍ പറ്റുമോയെന്ന് ഞാന്‍ ഗിരീഷേട്ടനോട് ചോദിച്ചിരുന്നു,’ വിനീത് വാസുദേവന്‍ പറയുന്നു.

പെപ്പെയെ വെച്ചുള്ള തന്റെ പുതിയ ചിത്രത്തിനെ കുറിച്ചും വിനീത് സംസാരിച്ചു. സിനിമയുടെ വര്‍ക്ക് പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അടിയില്ലാത്ത പെപ്പെയുടെ വേറെ സൈഡ് എക്‌സ്‌പ്ലോര്‍ ചെയ്യാനാണ് ആഗ്രഹമെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു.

Content Highlights: Vineeth Vasudevan says about his role Super Saranya

We use cookies to give you the best possible experience. Learn more