നമ്മള്‍ക്കൊന്നും ഒത്തുവരുന്ന നടന്മാരെ കിട്ടാനില്ല, അതുകൊണ്ടാണ് ഞങ്ങള്‍ തന്നെ അഭിനയിക്കേണ്ടി വരുന്നത്: വിനീത് വാസുദേവന്‍
Entertainment news
നമ്മള്‍ക്കൊന്നും ഒത്തുവരുന്ന നടന്മാരെ കിട്ടാനില്ല, അതുകൊണ്ടാണ് ഞങ്ങള്‍ തന്നെ അഭിനയിക്കേണ്ടി വരുന്നത്: വിനീത് വാസുദേവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th January 2023, 11:16 am

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡിയും നിര്‍മിച്ച് വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത് ജനുവരി 20ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് പൂവന്‍. ആന്റണി വര്‍ഗീസ് നായകനായെത്തിയ സിനിമയില്‍ സംവിധായകനും തിരക്കഥാകൃത്തും തുടങ്ങി പലരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലും സൂപ്പര്‍ ശരണ്യയിലും അഭിനയിച്ച പലരും പൂവനിലും പല വേഷങ്ങള്‍ അവതരിപ്പിക്കുന്നു. തുടര്‍ന്നുവരുന്ന എല്ലാ സിനിമകളിലും എന്തുകൊണ്ടാണ് അഭിനേതാക്കള്‍ ഇങ്ങനെ റിപ്പീറ്റ് ചെയ്യുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ വിനീത് വാസുദേവന്‍.

സിനിമ ആരംഭിച്ചപ്പോള്‍ അഭിനേതാക്കളുടെ റിപ്പിറ്റേഷന്‍ വേണ്ടായെന്ന് തീരുമാനിച്ചിരുന്നെന്നും എന്നാല്‍ തങ്ങളുടെ ടീമിന് ഒത്തുവരുന്ന അഭിനേതാക്കളെ കിട്ടാത്തതുകൊണ്ടാണ് വീണ്ടും അഭിനയിക്കേണ്ടി വന്നതെന്നും വിനീത് പറഞ്ഞു. പൂവന്‍ സിനിമയുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സൂപ്പര്‍ ശരണ്യയുടെ കാസ്റ്റ് റിപ്പീറ്റ് ചെയ്യേണ്ടായെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ആ സിനിമയിലുണ്ടായിരുന്ന ഞങ്ങള്‍ നാലുപേരും ഇനിയും റിപ്പീറ്റ് ചെയ്യേണ്ടാ എന്നായിരുന്നു ആദ്യത്തെ ചിന്ത. പക്ഷെ നമുക്ക് ഒത്തുവരുന്ന അഭിനേതാക്കളെ കിട്ടാത്തതും നമ്മള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആളുകളെ കിട്ടാത്തതുമാണ് ഈ റിപ്പിറ്റേഷന്റെ കാരണം.

അഭിനേതാക്കള്‍ എന്ന് പറയുമ്പോള്‍ അവരുടെ കാര്യം മാത്രം നോക്കിയാല്‍ മതി. പക്ഷെ ഒരു സംവിധായകന്‍ എന്നുപറയുമ്പോള്‍ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. അത് വല്ലാത്തൊരു സംഭവമാണ്. അതിനൊരു കിക്കുണ്ട്. നമുക്ക് ഏതൊരു പ്രവര്‍ത്തിയിലും ക്രിയേറ്റിവിറ്റി കണ്ടെത്താന്‍ കഴിയും. നമ്മള്‍ ഒരു തീരുമാനം എടുക്കുന്നത് വരെ ക്രിയേറ്റിവിറ്റിയുടെ ഭാഗമാണ്.

അത്രയും സംഭവങ്ങളൊന്നും നമുക്ക് അഭിനയത്തില്‍ ചെയ്യാനില്ല. അഭിനയത്തില്‍ വരുമ്പോള്‍ നമ്മളൊരു വണ്ടിയില്‍ കയറിയിരിക്കുന്ന ഫീലാണ്. വണ്ടി എവിടെയെങ്കിലും ഇടിച്ചാല്‍ പ്രശ്‌നമാകും, ഇടിച്ചില്ലെങ്കില്‍ കുഴപ്പമൊന്നുമില്ല എന്ന അവസ്ഥയാണ്. പിന്നെ സംവിധാനം എന്ന് പറയുന്നത് ഒരു രീതിയില്‍ പറഞ്ഞാല്‍ സമാധാനക്കേട് തന്നെയാണ്,’ വിനീത് വാസുദേവന്‍ പറഞ്ഞു.

CONTENT HIGHLIGHT: VINEETH VASUDEVAN ABOUT POOVAN MALAYALAM MOVIE