| Monday, 28th March 2022, 10:39 am

പെപ്പെയുടെ അടി ഇല്ലാതെ പടം എങ്ങനെ തീര്‍ക്കാമെന്നാണ് നോക്കുന്നത്; പെപ്പെയെ നായകനാക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് വിനീത് വാസുദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പെപ്പെയെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നടനും സംവിധായകനുമായ വിനീത് വാസുദേവന്‍. പയ്യന്നൂരാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പെപ്പെയുടെ അടി ഇല്ലാതെ പടം എങ്ങനെ തീര്‍ക്കാമെന്നാണ് താന്‍ ആലോചിക്കുന്നതെന്നാണ് വിനീത് പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പുതിയ ചിത്രത്തെ കുറിച്ചുള്ള രസകരമായ കമന്റുകള്‍ വിനീത് പങ്കുവെച്ചത്.

ഇത്തവണ പെപ്പെയെ കാസര്‍ഗോഡ് കൊണ്ടുപോയി അടി ഉണ്ടാക്കിക്കുകയാണോ എന്ന ചോദ്യത്തിന് പെപ്പെയെക്കൊണ്ട് അടിയുണ്ടാക്കിക്കാതെ എങ്ങനെ സിനിമ ചെയ്യാമെന്നാണ് താന്‍ നോക്കുന്നത് എന്നായിരുന്നു വിനീതിന്റെ മറുപടി.

ഈ സിനിമയില്‍ പെപ്പെയുടെ വേറൊരു സൈഡ് എക്‌സ്‌പ്ലോര്‍ ചെയ്യിക്കണമെന്നമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു കോമഡി ടൈപ്പ് കഥാപാത്രമാണ് പെപ്പെക്ക് ഈ ചിത്രത്തില്‍. പിന്നെ കോമഡിയില്‍ നിന്ന് ആക്ഷനിലേക്ക് പോകുന്നുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല, വിനീത് പറഞ്ഞു.

പെപ്പെ അടി ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മനുഷ്യനോട് അടി ഉണ്ടാക്കുന്നില്ലെന്നായിരുന്നു വിനീതിന്റെ മറുപടി.

പെപ്പെ-മൃഗം-അടി കോമ്പിനേഷന്‍ തന്നെയാണോ ഈ ചിത്രത്തിലും വരുന്നത് എന്ന ചോദ്യത്തിന് താന്‍ പെപ്പെയോട് നീ ഒരു അനിമല്‍ സ്റ്റാര്‍ ആയി മാറാനുള്ള സാധ്യത കാണുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു വിനീതിന്റെ മറുപടി.

ചിത്രത്തില്‍ അടി ഉണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെ അടിയൊന്നുമല്ല, എങ്കിലും അയാളുടെ ജീവിതപ്രശ്‌നം കൊണ്ട് ചില്ലറ കാര്യങ്ങളൊക്കെ ഉണ്ടാവുന്നുണ്ട്. അത് എന്താണെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല, വിനീത് പറഞ്ഞു.

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ശരണ്യ എന്ന ചിത്രമാണ് വിനീതിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ അജിത് മേനോന്‍ എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിച്ചത്. നിരവധി സ്പൂഫുകള്‍ ഒത്തുചേര്‍ന്ന ഒരു സിനിമ കൂടിയായിരുന്നു സൂപ്പര്‍ ശരണ്യ. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു വിനീത് വാസുദേവന്‍ അവതരിപ്പിച്ച അജിത്ത് മേനോന്‍.

Content Highlight: Vineeth Vasudevan About Antony Varghese Peppe

We use cookies to give you the best possible experience. Learn more