ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വളക്കുഴിയും ലാലും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് ഹിറ്റ്‌ലര്‍. സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ 1996ലായിരുന്നു പുറത്തിറങ്ങിയത്. ഈ സിനിമയില്‍ ‘ഹിറ്റ്ലര്‍’ എന്നറിയപ്പെടുന്ന മാധവന്‍കുട്ടിയായി എത്തിയത് മമ്മൂട്ടിയായിരുന്നു.
അദ്ദേഹത്തിന് പുറമെ ശോഭന, വാണി വിശ്വനാഥ്, മുകേഷ്, സായ് കുമാര്‍, ജഗദീഷ് എന്നിവരും മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. ഒപ്പം നടന്‍ വിനീത് ക്ലൈമാക്‌സ് സീനില്‍ ഒരു കാമിയോ റോളില്‍ എത്തിയിരുന്നു. അവസാനം സൈക്കിള്‍ ചവിട്ടി പോകുന്ന സീനിലായിരുന്നു എത്തിയത്.
ഹിറ്റ്‌ലറിലെ ആ വേഷത്തിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് വിനീത്. ആ സമയത്ത് താന്‍ കെ.ടി. കുഞ്ഞുമോന്‍ എഴുതിയ ശക്തിയെന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിലായിരുന്നെന്നും സിദ്ദീഖ് – ലാല്‍ വിളിച്ചപ്പോള്‍ എന്താണ് റോളെന്ന് പോലും നോക്കാതെ പോകുകയായിരുന്നെന്നും വിനീത് പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഹിറ്റ്‌ലറില്‍ ഞാന്‍ ചെറിയ ഒരു വേഷം ചെയ്തിരുന്നു. കെ.ടി. കുഞ്ഞുമോന്‍ സാറിന്റെ ശക്തി എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു ഹിറ്റ്‌ലറിന്റെ ഷൂട്ടിങ് നടന്നത്. പൊള്ളാച്ചിയിലായിരുന്നു ആ സിനിമയുടെ ഷൂട്ട് നടന്നത്. ഹിറ്റ്‌ലര്‍ ചെയ്യുന്നത് സിദ്ദീഖ് – ലാല്‍ ആയിരുന്നു.
ശക്തിയുടെ ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍ എന്നെ സിദ്ദീഖ് – ലാല്‍ വിളിച്ചു. ‘വിനീത് ഇങ്ങനെയൊരു കഥാപാത്രമുണ്ട്’ എന്ന് പറയുകയായിരുന്നു. എനിക്ക് അപ്പോള്‍ അടുത്ത ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നു. ‘പോകുന്ന വഴിക്ക് ഈ സിനിമയില്‍ ഒന്ന് അഭിനയിച്ചാല്‍ മതി. ഒരു മണിക്കൂറ് മതിയാകും’ എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഇത് ചോദിക്കുന്നത് ആരാണ്? സിദ്ദീഖ് – ലാല്‍ ആണ്.
കാബൂളിവാലയൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. അവര്‍ എനിക്ക് അത്രയും മികച്ച സിനിമയാണ് നല്‍കിയത്. അവിടെ പിന്നെ എനിക്ക് അവരോട് ചോദ്യമുണ്ടായിരുന്നില്ല.
എന്താണ് റോളെന്നോ എത്ര സമയം ഉണ്ടാകുമെന്നോ എനിക്ക് ചോദിക്കാനാവില്ല. അങ്ങനെ പ്രൊഡക്ഷനില്‍ വിളിച്ച് കാര്യം പറയുകയും ഹിറ്റ്‌ലറിന്റെ സെറ്റില്‍ പോയി സൈക്കിളോടിച്ചിട്ട് വരികയും ചെയ്തു,’ വിനീത് പറഞ്ഞു.
Content Highlight: Vineeth Talks About Siddique – Lal’s Call And Hitler Movie