ചന്ദ്രമുഖിയുടെ ലൊക്കേഷനില്‍ തന്റെ തലയുടെ ഡമ്മി രജനികാന്ത് ചവിട്ടിത്തെറിപ്പിക്കുന്ന സീനിനെ കുറിച്ച് ലൊക്കേഷനില്‍ തന്നെ ചര്‍ച്ചകളുണ്ടായിരുന്നതായി നടന്‍ വിനീത്. രജനികാന്തിനെ പോലൊരാള്‍ മനുഷ്യന്റെ തല ചവിട്ടിത്തെറിപ്പിക്കുന്ന രംഗം നെഗറ്റീവായി ബാധിക്കുമോ എന്നായിരുന്നു ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ആ കഥാപാത്രത്തിന്റെ ക്രൂരത കാണിക്കണമെങ്കില്‍ ആ സീന്‍ ആവശ്യമായിരുന്നു എന്നതിനാല്‍ അത് ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രമുഖിയില്‍ ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞെട്ടിത്തരിച്ചിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് വിനീത് ഇക്കാര്യം പറഞ്ഞത്. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞെട്ടിയിത്തരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല, അഭിനയിക്കുകയല്ലേ എന്നും വിനീത് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
‘ചന്ദ്രമുഖിയുടെ ലൊക്കേഷനില്‍ മനുഷ്യതല തട്ടിത്തെറിപ്പിക്കുന്ന ആ സീനിനെ കുറിച്ച് ചര്‍ച്ച നടന്നിരുന്നു. രജിനികാന്തിനെ പോലെ ഒരാള്‍ മനുഷ്യതല തട്ടിത്തെറിപ്പിക്കുന്നത് നെഗറ്റീവായി ബാധിക്കുമോ എന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഞാന്‍ ഞെട്ടിത്തരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഞാന്‍ അഭിനയിക്കുകയാണല്ലോ.
ആ ചര്‍ച്ച വന്നപ്പോള്‍ രജിനികാന്ത് ഉള്‍പ്പെടെ ആ കഥാപാത്രത്തിന്റെ ക്രൂരത കാണിക്കണമെങ്കില്‍ ഇത് ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ് ആ സീന്‍ ചെയ്തത്. രജിനി സാര്‍ തല തട്ടിത്തെറിപ്പിക്കുമ്പോള്‍ കൃത്യമായി ക്യാമറയില്‍ തട്ടാതെയാണ് അത് പോയത്. അത് ആ ഷോട്ടില്‍ വ്യക്തമാണ്,’ വിനീത് പറഞ്ഞു.
ശങ്കറിന്റെ ജെന്റില്‍മാന്‍ സിനിമയില്‍ ബസിന്റെ ടയറിനടിയില്‍ തലവെച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു. ‘ ബസ് വന്ന് കഥാപാത്രത്തെ ഇടിച്ചിട്ടുപോകുന്ന സീനായിരുന്നു അത്. ഒരു ഷോട്ടിന് വേണ്ടി ബസിന്റെ ടയറിനടിയില്‍ തലവെച്ച് ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നു. അതൊന്നും പക്ഷെ സിനിമയില്‍ അങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ആ സീന്‍ ചെയ്യാന്‍ ആദ്യം പേടിയായിരുന്നു.
കാരണം ഡ്രൈവറെവിടെയോ ആണുള്ളത്. എന്തെങ്കിലും കമ്യൂണിക്കേഷന്‍ പ്രശ്‌നം വന്നാല്‍ മുഴുവന്‍ തീരും. ഒരു അസിസ്റ്റന്റ് ഡയറക്ടറിനെ വെച്ച് കാണിച്ച് തന്നു, പിന്നെ അയാളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് പറഞ്ഞ് ഞാന്‍ തന്നെ ചെയ്തു,’ വിനീത് പറഞ്ഞു.
content highlights: Vineeth talks about Rajinikanth in Chandramukhi