നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ അടക്കമുള്ള ചിത്രങ്ങള്‍ ലാലേട്ടന്‍ ചെയ്യുന്നത് കണ്ട് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ടെന്ന് നടന്‍ വിനീത്. അന്ന് ഇന്നത്തെ പോലെ കാരവനില്‍ കയറി ഇരിക്കാറില്ലെന്നും അവരൊക്കെ ചെയ്യുന്നത് നോക്കി പഠിക്കാനാണ് സംവിധായകര്‍ തങ്ങളോട് പറയാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.
‘ഇപ്പോള്‍ അന്നത്തെ കാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ അന്ന് അവരൊക്കെ തന്നിരുന്ന നിര്‍ദേശങ്ങളുടെ വാല്യു മനസിലാകുന്നുണ്ട്. മുന്തിരിത്തോപ്പൊക്കെ ഇന്ന് കാണുമ്പോള്‍ എന്തൊരു മാജിക്കല്‍ സിനിമ ആണെന്ന് വിചാരിക്കും. അന്ന് അതിന്റെ ഷൂട്ട് നടക്കുമ്പോള്‍ തിലന്‍ ചേട്ടനും ലാലേട്ടനും പെര്‍ഫോം ചെയ്യുന്നത് നോക്കിയിരിക്കുമായിരുന്നു. നമ്മള്‍ സെറ്റില്‍ തന്നെയുണ്ടാകും. ഇന്നത്തെ പോലെ കഴിഞ്ഞ് കാരവനില്‍ കയറിയിരിക്കില്ല. അവിടെ നിന്ന് അവരൊക്കെ ചെയ്യുന്നത് നോക്കി പഠിക്കാന്‍ ഞങ്ങളോട് പറയുമായിരുന്നു. അവരൊക്കെ ചെയ്യുന്നത് നിരീക്ഷിച്ച് പഠിക്കൂ എന്നാണ് പറയാറുള്ളത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഒക്കെ തിലന്‍ ചേട്ടന്റെ ഓള്‍ ടൈം ക്ലാസിക് പെര്‍ഫോമന്‍സ് ആണ്.
ലാലേട്ടനും പൊന്നമ്മ ചേച്ചിയുമൊക്കെ പെര്‍ഫോം ചെയ്യുന്നത് അത്ഭുതത്തോടെ വായും പൊളിച്ച് നോക്കി നിന്നിട്ടുണ്ട്. അമ്മയും മകനുമായൊക്കെയുള്ള സീന്‍ എന്തൊരു അടിപൊളിയാണ്. മനോഹരമായ ഒരുപാട് രംഗങ്ങള്‍ ഉണ്ട് അതില്‍. അന്നത്തേക്ക് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാത്തിന്റെയും വാല്യൂ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് തന്നിരുന്ന നിര്‍ദേശങ്ങള്‍ ആയാലും, പറഞ്ഞ് തരുന്ന രീതിയായാലും എല്ലാത്തിനും ഇന്ന് വാല്യൂ തോന്നുന്നുണ്ട്. അത് എന്തുകൊണ്ടായിരുന്നു അങ്ങനെ, അത് ആ പടത്തില്‍ എങ്ങനെയാണ് റിഫ്‌ളക്ട് ചെയ്തത്, അന്നെടുത്ത ഷോട്ടിന്റെ പവര്‍, അതിനെയെല്ലാം ഇന്ന് വാല്യൂ ചെയ്യാന്‍ പറ്റുന്നുണ്ട്. അന്ന് എന്ത് ഷോട്ടാണ് എടുക്കുന്നതെന്നൊന്നും അറിയില്ല. ഹണ്‍ഡ്രഡ് ലെന്‍സ് ആണ് അനങ്ങരുതെന്ന് പറയും. എല്ലാം ഇന്നലെ കഴിഞ്ഞ പോലെയാണ് എനിക്ക് തോന്നുന്നത്,’ അദ്ദേഹം പറഞ്ഞു.
പാച്ചുവും അത്ഭുതവിളക്കിലും ധൂമത്തിലും ഫഹദ് ഫാസിലിനൊടൊപ്പമുണ്ടായ അനുഭവങ്ങളും വിനീത്
പങ്കുവെച്ചു. സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ ഫഹദിന്റേത് ഒരു മാജിക്കല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ആണെന്നും അഞ്ച് മിനുട്ട് മുമ്പ് വരെ സംസാരിച്ചിരുന്ന ആളാണോ അതെന്ന് തോന്നുമെന്നും വിനീത് പറഞ്ഞു.
‘പാച്ചുവും അത്ഭുതവിളക്കും ധൂമവും ഒരേ സമയത്താണ് ഷൂട്ടിങ് നടക്കുന്നത്. പാച്ചുവും അത്ഭുത വിളക്കിലെയും എന്റെ ഭാഗങ്ങള്‍ കഴിഞ്ഞിട്ടായിരുന്നു ധൂമത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തത്. ഫഹദ് അപ്പോഴും ഷൂട്ടിലായിരുന്നു. ഷാനു വന്നും പോയും ഇരുന്നു. പാച്ചുവും അത്ഭുതവിളക്കും കാണുമ്പോള്‍ ഞാന്‍ വിചാരിക്കും ഇതേ ആളാണോ ഇത് ചെയ്തതെന്ന്. അതാണ് അദ്ദേഹത്തിന്റെ ഒരു കഴിവ്. പാച്ചുവിനെ എനിക്ക് ഇന്നും ഓര്‍മയുണ്ട്. ഞാന്‍ ആദ്യ ദിവസം ഷാനുവിനെ കാണുന്നത് ആ യെല്ലോ ഷര്‍ട്ടിട്ട് അശ്വിനുമായി ആ വീട്ടിലിരിക്കുമ്പോഴാണ്, ഞാന്‍ വന്ന് നോക്കുമല്ലോ അവനെ, ഹംസധ്വനിയുടെ വീട്ടില്‍ വെച്ച്, അതായിരുന്നു സീന്‍. ഞങ്ങളുടെ ആദ്യത്തെ കോമ്പിനേഷന്‍ അതായിരുന്നു. ഞങ്ങള്‍ സംസാരിക്കുകയൊക്കെ ചെയ്തു. പിന്നെ ആ പയ്യന്റെ കൂടെ ഉറങ്ങുന്ന ഒരു ഷോട്ടുണ്ട്. അത് കഴിഞ്ഞൊരു ഞെട്ടി എഴുന്നേല്‍ക്കലുണ്ട് (ചിരിക്കുന്നു). അതൊരു മാജിക്കല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ആയിരുന്നു. റിയാസിനെ കണ്ട് പരിഭ്രാന്തനായി വരുന്നതൊക്കെ കാണുമ്പോള്‍ അഞ്ച് മിനിട്ട് മുന്‍മ്പ് ഞാന്‍ സംസാരിച്ച ഫഹദ് അല്ല അത്. പാച്ചുവായി അവനങ്ങ് മാറി,’ അദ്ദേഹം പറഞ്ഞു.
Content Highlight: Vineeth talks about lalettan performance in namuk parkkan munthirithoppukal