പാച്ചുവും അത്ഭുതവിളക്കിലും ധൂമത്തിലും ഫഹദ് ഫാസിലിനോടൊപ്പമുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ വിനീത്. സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ ഫഹദിന്റേത് ഒരു മാജിക്കല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആണെന്നും അഞ്ച് മിനുട്ട് മുമ്പ് വരെ സംസാരിച്ചിരുന്ന ആളാണോ അതെന്ന് തോന്നുമെന്നും വിനീത് പറഞ്ഞു. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാച്ചുവും അത്ഭുതവിളക്കും ധൂമവും ഒരേ സമയത്താണ് ഷൂട്ടിങ് നടക്കുന്നത്. പാച്ചുവും അത്ഭുത വിളക്കിലെയും എന്റെ ഭാഗങ്ങള്‍ കഴിഞ്ഞിട്ടായിരുന്നു ധൂമത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തത്. ഫഹദ് അപ്പോഴും ഷൂട്ടിലായിരുന്നു. ഷാനു വന്നും പോയും ഇരുന്നു. പാച്ചുവും അത്ഭുതവിളക്കും കാണുമ്പോ ഞാന്‍ വിചാരിക്കും ഇതേ ആളാണോ ഇത് ചെയ്തതെന്ന്. അതാണ് അദ്ദേഹത്തിന്റെ ഒരു കഴിവ്. പാച്ചുവിനെ എനിക്ക് ഇന്നും ഓര്‍മയുണ്ട്. ഞാന്‍ ആദ്യ ദിവസം ഷാനുവിനെ കാണുന്നത് ആ യെല്ലോ ഷര്‍ട്ടിട്ട് അശ്വിനുമായി ആ വീട്ടിലിരിക്കുമ്പോഴാണ്, ഞാന്‍ വന്ന് നോക്കുമല്ലോ അവനെ, ഹംസധ്വനിയുടെ വീട്ടില്‍ വെച്ച്, അതായിരുന്നു സീന്‍. ഞങ്ങളുടെ ആദ്യത്തെ കോമ്പിനേഷന്‍ അതായിരുന്നു. ഞങ്ങള്‍ സംസാരിക്കുകയൊക്കെ ചെയ്തു. പിന്നെ ആ പയ്യന്റെ കൂടെ ഉറങ്ങുന്ന ഒരു ഷോട്ടുണ്ട്. അത് കഴിഞ്ഞൊരു ഞെട്ടി എഴുന്നേല്‍ക്കലുണ്ട് (ചിരിക്കുന്നു). അതൊരു മാജിക്കല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആയിരുന്നു. റിയാസിനെ കണ്ട് പരിഭ്രാന്തനായി വരുന്നതൊക്കെ കാണുമ്പോള്‍ അഞ്ച് മിനിട്ട് മുന്‍മ്പ് ഞാന്‍ സംസാരിച്ച ഫഹദ് അല്ല അത്. പാച്ചുവായി അവനങ്ങ് മാറി. ധൂമത്തിലും അത് പോലെയാണ്. സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ ഒരു മാജിക്കല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആണ്,’ വിനീത് പറഞ്ഞു.
താന്‍ എല്ലാതരം ഡാന്‍സുകളും ആസ്വദിക്കാറുണ്ടെന്നും ഡാന്‍സ് വികൃതമായി പോകരുതെന്ന് മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘പ്രഭുദേവയുടെ കൊറിയോഗ്രഫി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന് വേണ്ടി ചെയ്ത കൊറിയോഗ്രഫിയും എനിക്കിഷ്ടമാണ്. രാജസുന്ദരം, കലാമാസ്റ്റര്‍, ശാന്തി മാസ്റ്റര്‍ ഇവരുടെ കൂടെയാണ് ഞാന്‍ അവസാനം വര്‍ക്ക് ചെയ്തിട്ടുളളത്. അവരോടൊപ്പം ചെയ്തവയും എനിക്ക് ഇഷ്ടമാണ്. എനിക്ക് എല്ലാതരം ഡാന്‍സുകളും ഇഷ്ടമാണ്. ഏസ്‌തെറ്റിക് ആയിരിക്കണമെന്നേയുള്ളൂ. ഐറ്റം സോങ് ആണെങ്കിലും ഏസ്‌തെറ്റിക് ആയിരിക്കണം. വികൃതമാവരുത്. ഏത് തരം ഡാന്‍സ് ആയാലും അത് അരോചകമായി പോകരുത്,’ അദ്ദേഹം പറഞ്ഞു.
ഹൊംബാലെ ഫിലിംസ് നിര്‍മിച്ച ആദ്യ മലയാള ചിത്രമായ ധൂമം ആണ് വിനീതിന്റെ പുതിയ ചിത്രം. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, അച്യുത് കുമാര്‍, ജോയ് മാത്യു, അനു മോഹന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ സംഗീതമൊരുക്കിയത് കന്നഡയിലെ ഹിറ്റ് മേക്കര്‍ പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ്. മാസ്റ്റര്‍ ഓഫ് ഇന്ത്യന്‍ സിനിമാറ്റോഗ്രാഫി ശ്രീ പി.സി. ശ്രീരാമിന്റെ അനന്തിരവളും കണ്ണാമൂച്ചി യേനെട, അഭിയും നാനും, ഹെയ് സിനാമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫര്‍ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
Content Highlight: Vineeth talks about fahad fazil