|

ആ നടനെ കണ്ടാലേ എനിക്ക് ചിരിവരും; എന്റെ ചിരി സഹിക്കവയ്യാതെ സംവിധായകന്‍ പാക്കപ്പ് വിളിച്ചു: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിഹരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് വിനീത്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനീത് ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചു. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

നടന്‍ കുതിരവട്ടം പപ്പുവിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത്. ഇരുവരും ഒന്നിച്ച് നഖക്ഷതങ്ങള്‍ എന്ന സിനിമ ചെയ്തിരുന്നു. തനിക്ക് പപ്പുവിനെ കണ്ടാലേ ചിരിവരുമെന്ന് വിനീത് പറയുന്നു. നഖക്ഷതങ്ങള്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് തന്റെ ചിരി സഹിക്കവയ്യാതെ സംവിധായകന്‍ ഹരിഹരന്‍ പാക്കപ്പ് വിളിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു.

പപ്പുവിന് മാത്രമുള്ള ചില എക്‌സ്പ്രഷനും മാനറിസവുമെല്ലാം ഉണ്ടെന്നും ഷോട്ടെടുക്കാന്‍ തുടങ്ങുമ്പോള്‍ റിഹേഴ്‌സല്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം അതിടുമെന്നും അത് കണ്ട് തനിക്ക് ചിരി സഹിക്കാന്‍ പറ്റാതെ ചിരിക്കുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് പപ്പുച്ചേട്ടനെ കണ്ടാലേ ചിരിവരും. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിന്റെ സമയത്ത് ഹരിഹരന്‍ സാര്‍ പാക്കപ്പ് എന്നൊക്കെ പറഞ്ഞ് പോയിട്ടുണ്ട്. പുള്ളിടെ മാത്രം കുറച്ച് എക്‌സ്പ്രഷനും മാനറിസവുമെല്ലാം ഉണ്ട്. ഷോട്ട് എടുക്കാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം അതെല്ലാം കുറച്ചധികം ഇടും.

പ്രത്യേകിച്ച് പപ്പുച്ചേട്ടന്റെ ഒരു ചിരിയുണ്ട്. അതെല്ലാം കാണിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ അപ്പോള്‍ ചിരിക്കും. റിഹേഴ്‌സലില്‍ അതൊന്നും ചെയ്യില്ല. നഖക്ഷതങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ എത്രയോ വട്ടം എന്റെ ചിരി കാരണം ഹരിഹരന്‍ സാര്‍ ദേഷ്യപ്പെട്ടിട്ടുണ്ട്,’ വിനീത് പറയുന്നു.

Content Highlight: Vineeth talks about Actor Kuthiravattam Pappu

Video Stories