ഐ. വി. ശശിയൊരുക്കിയ ഇടനിലങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളം സിനിമയിലേക്ക് കടന്നുവന്ന താരമാണ് വിനീത്.
നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെയാണ് വിനീത് മലയാളികൾക്കിടയിൽ സ്വീകാര്യനാകുന്നത്. വർഷങ്ങളായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന വിനീത് അന്യഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
കുരുവി പാപ്പയാണ് വിനീതിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ വരാനിരിക്കുന്ന കത്തനാർ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
ഹോം എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. ജയസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മലയാളം ഇന്ന് വരെ കാണാത്ത തരത്തിലുള്ള ഒരു സിനിമയാണ്. ചിത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ടെന്നും തനിക്ക് വലിയൊരു വേഷം ലഭിച്ചിട്ടുണ്ടെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് അദ്ദേഹം പറഞ്ഞു.
‘കത്തനാറിൽ മികച്ച റോൾ തന്നെയാണ്. അങ്ങനെയൊരു സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. റോജിൻ എന്നെ പരിഗണിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.
അതൊരു മികച്ച ടീമാണ്. എല്ലാവരും. വെറുമൊരു 3Dസിനിമ മാത്രമല്ല കത്തനാർ. പൂർണമായി ഒരു വെർച്വൽ റിയാലിറ്റി അവർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതിന്റെ വിശദ വിവരങ്ങൾ സമയമാവുമ്പോൾ പുറത്ത് വിടും. കാരണം അതിന്റെ ഷൂട്ടിങ്ങൊക്കെ വലിയൊരു പരിപാടിയാണ്. ജൂൺ, ജൂലായ് വരെ നീളുമെന്നാണ് ഞാൻ കേട്ടത്. കഴിഞ്ഞ മാർച്ച്, ഏപ്രിലിൽ തുടങ്ങിയ ഷൂട്ടാണ്.
ജയസൂര്യയൊക്കെ ആ കഥാപാത്രമായി മാറിയിട്ടുണ്ട്. അങ്ങനെ തന്നെയാണ് ജയസൂര്യ ആ സെറ്റിലൊക്കെ നടന്നത്.
എന്നോട് സംസാരിക്കുമ്പോഴൊക്കെ വലിയ പ്രതീക്ഷയുണ്ട് ജയസൂര്യക്ക്. നല്ല സിനിമ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം,’വിനീത് പറയുന്നു.
Content Highlight: Vineeth Talk About Kathanar Movie