മലയാളികള്‍ക്ക് പ്രിയപ്പെട്ട യുവസംവിധായകരില്‍ ഒരാളാണ് വിനീത് ശ്രീനിവാസന്‍. മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബിലൂടെ സിനിമസംവിധാനരംഗത്തെത്തിയ വിനീത് അഭിനയത്തിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. നിവിന്‍ പോളിയെ മലയാള സിനിമയിലേക്ക് എത്തിച്ചത് പോലെ നിവിന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവായ ‘തട്ടത്തിന്‍ മറയത്തും’ വിനീത് തന്നെയാണ് നല്‍കിയത്.
അതേസമയം താന്‍ ആദ്യം കഥ പറഞ്ഞത് ദുല്‍ഖറിനോടായിരുന്നു എന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ‘ദുല്‍ഖറിനോട് എപ്പോഴും സംസാരിക്കാറുണ്ട്. ദുല്‍ഖറുമായി ഒരു പ്രോജക്ട് ഏകദേശം പ്ലാന്‍ ചെയ്തിട്ട് നടക്കാതെ പോയിട്ടുണ്ട്. പക്ഷേ ഭാവിയില്‍ ചെയ്യാനായിട്ട് ചര്‍ച്ചകള്‍ നടത്താറുണ്ട്. ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരു കഥ ചെന്ന് പറയുന്നത് ദുല്‍ഖറിന്റെ അടുത്താണ്. അന്ന് ദുല്‍ഖറും സിനിമയില്‍ വന്നിട്ടില്ല, ഞാനും സംവിധാനം ചെയ്തിട്ടില്ല.
മലര്‍വാടിക്കും മുന്‍പ് ഞാനൊരു സ്‌ക്രിപ്റ്റ് ദുല്‍ഖറിനോട് പറഞ്ഞു. ദുല്‍ഖറിന് ഫസ്റ്റ് ഹാഫ് ഇഷ്ടപ്പെട്ടു. സെക്കന്റ് ഹാഫ് ചെയ്യാന്‍ പറഞ്ഞു. അതു കഴിഞ്ഞ് അച്ഛനോട് ഇതിനെ പറ്റി പറഞ്ഞു. കഥ കേട്ടിട്ട് അതെടുത്ത് കാട്ടില്‍ കളയാനാണ് അച്ഛന്‍ പറഞ്ഞത്. അങ്ങനെ അത് കുഴിച്ചു മൂടിയിട്ടാണ് മലര്‍വാടി ചെയ്യുന്നത്. അന്ന് ദുല്‍ഖര്‍ അത് പ്രൊഡ്യൂസ് ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ കടപ്പെട്ട് പോയേനേ,’ ഒരു ചിരിയോടെ വിനീത് പറഞ്ഞു.
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശനാ രാജേന്ദ്രന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്യുന്ന ഹൃദയമാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
ഹൃദയം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നിത്. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോഡ് ഇട്ടാണ് ചിത്രം എത്തുന്നത്. സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയില്‍ 15 പാട്ടുകളാണുള്ളത്. നേരത്തെ പുറത്തിറങ്ങിയ ‘ദര്‍ശനാ’ എന്ന ഗാനവും വിനീതും ഭാര്യ ദിവ്യയും ചേര്‍ന്നു പാടിയ ഉണക്കമുന്തിരി എന്ന ഗാനവും ഹിറ്റായിരുന്നു.
സിനിമയിലെ പ്രണവിന്റെ അഭിനയത്തെ പറ്റി വിനീത് നേരത്തെ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കിളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പൂന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്.
കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നു പോകുമ്പോള്‍ ബാക്ക്ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതുകൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്,’ വിനീത് പറഞ്ഞു.
‘അവന്‍ ഒരു ഗ്ലോബല്‍ സിറ്റിസണെ പോലെ നടന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്ക് വരുകയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞുവരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പൂന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. എനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോവുക,’ വിനീത് കൂട്ടിച്ചേര്‍ത്തു.