ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് മുതല്‍ തന്നെ തനിക്കെതിരെ ഹേറ്റ് കമന്റ്‌സ് വന്നിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍. തട്ടത്തിന്‍ മറയത്ത് പ്രഖ്യാപിച്ച സമയത്ത് കണ്ട രസകരമായ കമന്റിനെ പറ്റിയും മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
‘മലര്‍വാടി മുതല്‍ തന്നെ എനിക്കെതിരെ ഹേറ്റ് കമന്റ് വരുന്നുണ്ട്. അതില്‍ ഭയങ്കര ഇഷ്ടമുള്ള സാധനമുണ്ട്. അന്നൊക്കെ ഫോറംസ് ഉണ്ടാവും. സോഷ്യല്‍ മീഡിയ ആക്ടീവാകുന്നതിന് മുമ്പ് ഫോറംസിലായിരുന്നു സിനിമ ഡിസ്‌കഷന്‍ നടക്കുന്നത്.
മലര്‍വാടി കഴിഞ്ഞ് തട്ടത്തിന്റെ അനൗണ്‍സ്‌മെന്റ് വന്നപ്പോഴേ ഒരാള്‍ എഴുതിയതാണ്, ഇവന്റെ മലര്‍വാടി പോലെ വല്ല ഇമോഷണല്‍ ഉണ്ടംപൊരിയുമായിരിക്കുമെന്ന്. അന്നുമുതല്‍ എല്ലാ പടവും എഴുതുമ്പോഴും ആലോചിക്കും, ഇമോഷണല്‍ ഉണ്ടംപൊരി എന്ന വാക്ക് എവിടെയെങ്കിലും ഉപയോഗിക്കണമെന്ന്. എനിക്ക് കറക്ടായി ഒരു സ്ഥലം കിട്ടിയിട്ടില്ല. ഉഗ്രന്‍ വാക്കല്ലേ അത്,’ വിനീത് പറഞ്ഞു.
പുതിയ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിനെ പറ്റിയും വിനീത് പറഞ്ഞു. ‘ഈ സിനിമക്ക് ഒരു ഫ്രെഷ്‌നെസ് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ സിനിമ ആകുമ്പോള്‍ അങ്ങനെയൊക്കെയല്ലേ പറയൂ. സാധാരണ കാണുന്ന സിനിമകളില്‍ നിന്നും ഒരു ഫ്രെഷ്‌നസ് ഉണ്ട്. മുകുന്ദനുണ്ണി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒരു അണ്‍പ്രെഡിക്ടബിളിറ്റി ഉണ്ട്. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തോന്നിയ കാര്യങ്ങളാണിതൊക്കെ.
പിന്നെ ഷൂട്ട് കഴിഞ്ഞ് എഡിറ്റ് ചെയ്തപ്പോള്‍ ഒരുപാട് മാറ്റങ്ങളുണ്ടായ സിനിമയാണിത്. സിനിമയുടെ ഴോണര്‍ തന്നെ പോസ്റ്റ് പ്രൊഡക്ഷനില്‍ മാറിയിട്ടുണ്ട്. റിലീസിനായി വളരെ ക്യൂരിയസായി വെയ്റ്റ് ചെയ്യുകയാണ്,’ വിനീത് കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 11 നാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് റിലീസ് ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.