ചെന്നൈയിലെ തിയേറ്ററിലിരുന്ന് പുഷ്പ കണ്ട അനുഭവം പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍. അല്ലു അര്‍ജുനെ കാണിച്ചതിനെക്കാള്‍ ഇരട്ടി കയ്യടിയാണ് ഫഹദ് ഫാസിലിനെ കാണിച്ചപ്പോള്‍ തിയേറ്ററില്‍ ലഭിച്ചതെന്ന് വിനീത് പറഞ്ഞു. പിന്നീട് ഇക്കാര്യം താന്‍ ഫഹദിനെ വിളിച്ച് പറഞ്ഞെങ്കിലും ചിരിച്ചുവിട്ടതേയുള്ളൂവെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.
‘ചെന്നൈയിലെ ഒരു തിയേറ്ററിലാണ് ഞാന്‍ പുഷ്പ കണ്ടത്. റിലീസ് ദിനത്തിലാണ് കാണുന്നത്. അല്ലു അര്‍ജുന്‍ വരുമ്പോള്‍ ഒരു കയ്യടി ഉണ്ട്. അതുകഴിഞ്ഞ് പടം മുന്നോട്ട് പോയി ക്ലൈമാക്‌സിനോടടുക്കുമ്പോഴാണല്ലോ ഷാനുവിനെ കാണിക്കുന്നത്. ഷാനുവിനെ കാണിക്കുമ്പോള്‍ തിയേറ്റര്‍ അങ്ങ് ഇളകി മറിഞ്ഞു.
ഞാന്‍ വിചാരിച്ചത് അല്ലു അര്‍ജുന് കയ്യടി കിട്ടുമെന്നാണ്. തെലുങ്കില്‍ അദ്ദേഹത്തിനായിരിക്കും കയ്യടി. പക്ഷേ ഞാന്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കാണുന്നത്. അല്ലു അര്‍ജുന് കിട്ടിയതിനെക്കാളും ഡബിള്‍ ട്രിപ്പിള്‍ കയ്യടിയാണ് ഷാനുവിന് കിട്ടിയത്. എനിക്കപ്പോള്‍ മൈ ഫ്രണ്ട് എന്ന് പറഞ്ഞ ഫീലാണ് വന്നത്.
അന്ന് ഷോ കഴിഞ്ഞ ഉടനെ ഷാനുവിനെ ഞാന്‍ വിളിച്ചു. സംഭവം പറഞ്ഞപ്പോള്‍ ഷാനു ചിരിച്ചുവിട്ടതേയുള്ളൂ. അവര്‍ക്ക് ആ ഫിലീങ് മനസിലാവില്ല. തിയേറ്ററിലിരിക്കുന്നതുകൊണ്ട് നമ്മുക്കത് കിട്ടുവല്ലോ. ആ ലെവലിലേക്ക് ഷാനു വളര്‍ന്നു,’ വിനീത് പറഞ്ഞു.
തങ്കമാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന വിനീതിന്റെ ചിത്രം. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അറാഫത്താണ്. അപര്‍ണ ബാലമുരളി നായികയാവുന്ന ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 26നാണ് തങ്കം റിലീസ് ചെയ്യുന്നത്.
മുകുന്ദന്‍ ഉണ്ണിയാണ് ഒടുവില്‍ തിയേറ്ററിലെത്തിയ വിനീത് ചിത്രം. അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനത്തില്‍ ഡാര്‍ക്ക് കോമഡി ഴോണറിലെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
Content Highlight: Vineeth Srinivasan shares his experience of seeing Pushpa in a theater in Chennai