വാരനാട് ക്ഷേത്രത്തില്‍ വെച്ച നടന്ന ഗാനമേളക്ക് ശേഷം ഇറങ്ങിയോടിയ സംഭവത്തില്‍ വിശദീകരണവുമായി വിനീത് ശ്രീനിവാസന്‍. അനിയന്ത്രിമായ തിരക്ക് കാരണമാണ് പുറത്ത് കടക്കേണ്ട സാഹചര്യമുണ്ടായതെന്നും അടുത്തേക്ക് വണ്ടി കൊണ്ടുവരാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ടാണ് വണ്ടി വരെ അല്പദൂരം ഓടിയതെന്നും വിനീത് പറഞ്ഞു. ആരും തനിക്ക് ഒരു തരത്തിലുമുള്ള ദേഹോപദ്രവം ഏല്‍പിച്ചിട്ടില്ലെന്നും ഇനിയും വിളിച്ചാല്‍ വാരനാട് വരുമെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വിനീത് പറഞ്ഞു.
‘വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍, അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി.
ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും,’ വിനീത് പറഞ്ഞു.
വാരനാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിനിടയിലായിരുന്നു സംഭവം. സമാപന ദിവസം രാത്രി 10 മണിക്കായിരുന്നു വിനീതിന്റെ ഗാനമേള. ഇതിന് ശേഷം വിനീത് കാറിലേക്ക് ഓടുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനെ പറ്റി പല കാര്യങ്ങളും പ്രചരിച്ചതോടെയാണ് വിനീത് വിശദീകരണവുമായി വന്നത്.
Content Highlight: Vineeth Srinivasan explains the incident of running