കുറുക്കൻ എന്ന ചിത്രത്തിൽ താൻ മേക്കപ്പിട്ട് റെഡിയായി വന്നപ്പോൾ സന്മനസുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിലെ ശ്രീനിവാസനെപോലെ തോന്നിയെന്ന് വിനീത് ശ്രീനിവാസൻ. അങ്ങനെ തോന്നിയപ്പോൾ തനിക്ക് ഒരു ആത്മവിശ്വാസം തോന്നിയെന്നും ശ്രീനിവാസൻ തൊണ്ണൂറുകളിൽ ചെയ്ത കഥാപാത്രങ്ങൾ ഇപ്പോഴും തന്റെ മനസിൽ ഉള്ളതുകൊണ്ട് ചിലപ്പോൾ അത് തന്റെ അഭിനയത്തിലേക്കും കടന്നു വന്നേക്കാമെന്നും വിനീത് പറഞ്ഞു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അച്ഛൻ ഒക്കെ എൺപതുകളിലും തൊണ്ണൂറുകളിലുമായി ചെയ്ത ചിത്രങ്ങൾ ഇപ്പോഴും നമ്മുടെ മനസിൽ ഉണ്ട്. അതുകൊണ്ട് അഭിനയിക്കുമ്പോൾ അത് നമ്മുടെ തലയിലേക്ക് ചിലപ്പോൾ കയറി വരും.
കുറുക്കൻ എന്ന ചിത്രത്തിൽ പൊലീസിന്റെ കോസ്റ്റ്യും ഇട്ട് വന്നപ്പോൾ മീശ പിരിച്ച് വച്ചേക്കാമെന്ന് എനിക്ക് തോന്നി. ഞാൻ അത് ചിത്രത്തിന്റെ ഡയറക്ടറോട് പറഞ്ഞപ്പോൾ പുള്ളിയും ഓക്കേ പറഞ്ഞു.
മീശയൊക്കെ പിരിച്ച് പൊലീസ് വേഷത്തിൽ വന്നപ്പോൾ സന്മനസുള്ളവർക്ക് സമാധാനത്തിലെ അച്ഛന്റെ അപ്പിയറൻസ് പോലെ എനിക്ക് തോന്നി. അങ്ങനെ ഫീൽ ചെയ്തപ്പോൾ എനിക്കൊരു കോൺഫിഡൻസ് തോന്നി. മീശ പിരിച്ച് വെച്ചാൽ ശരിക്കും അച്ഛനെ പോലെ തോന്നും,’ വിനീത് പറഞ്ഞു.
അഭിമുഖത്തിൽ ശ്രീനിവാസന്റ പഴയ കാല ചിത്രവുമായി ബന്ധപ്പെട്ട ധാരാളം വസ്തുക്കൾ വീട്ടിലുണ്ടെന്നും സിനിമകൾക്ക് കിട്ടിയ അവാർഡുകളൊക്കെ വീട്ടിൽ തുരുമ്പിച്ച് കിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അച്ഛന്റെ പഴയ സിനിമകളുമായി ബന്ധപ്പെട്ട ധാരാളം പുരസ്കാരങ്ങൾ ഇപ്പോഴും വീട്ടിലുണ്ട്. വെള്ളാനകളുടെ നാട്, കുടുംബ പുരാണം എന്നീ പടങ്ങളുടെ അവാർഡുകൾ വീട്ടിൽ തുരുമ്പിച്ച് കിടക്കുന്നുണ്ടാകും. അതിലെ മെറ്റൽ പ്ലേറ്റുകളൊക്കെ കുറച്ച് നാൾകഴിയുമ്പോൾ തുരുമ്പിക്കുമല്ലോ, തടികൾ ഒക്കെ ജീർണ്ണിക്കും. എല്ലാം പക്ഷെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്,’ വിനീത് ശ്രീനിവാസൻ.
Content highlights: Vineeth Srenivasan on Sreenivasan’s Character in sanmanassullavarkku samadhanam movie