| Friday, 12th April 2024, 10:31 am

എനിക്ക് ഷെയര്‍ തന്നിട്ടുണ്ട്, അത് ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തുകയാണ്: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പോളി എന്നിവരെ പ്രധാനകഥാപാത്രമാക്കി വിനീത് സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം തിയേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു പക്കാ വിനീത് സിനിമയാണ് ചിത്രമെന്നും താരങ്ങളുടെ പ്രകടനം കൊണ്ട് ചിത്രം മികച്ചുനില്‍ക്കുന്നുണ്ടെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം.

ഭ്രമയുഗത്തിനും പ്രേമലുവിനും മഞ്ഞുമ്മല്‍ ബോയ്‌സിനും ആടുജീവിതത്തിനും പിന്നാലെ മലയാളത്തിലെ അടുത്ത ഹിറ്റായി മാറിയിരിക്കുകയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

ഒരു സിനിമ ഹിറ്റാകുമ്പോള്‍ സംവിധായകന് ലഭിക്കുന്ന പ്രതിഫലം എന്തായിരിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിനീത്.

ഒരു സിനിമ സംവിധാനം ചെയ്താല്‍ പ്രതിഫലത്തിന് പകരം ഷെയര്‍ ആണ് വിനീത് ചോദിക്കാറ് എന്ന് കേട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.

ഒരിക്കല്‍ പോലും താന്‍ ആരോടും ഷെയര്‍ ചോദിച്ചിട്ടില്ലെന്നും ചോദിക്കാതെ തന്നെ തനിക്ക് തന്നിട്ടുണ്ടെന്നുമായിരുന്നു വിനീതിന്റെ മറുപടി. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.

‘എനിക്ക് ആള്‍ക്കാര്‍ ഷെയര്‍ തന്നിട്ടുണ്ട്, ഞാന്‍ ഇതുവരെ ചോദിച്ചിട്ടില്ല. എന്റെ പ്രൊഡ്യൂസേഴ്‌സ് എല്ലാം എന്റെ കൂട്ടുകാരായിരുന്നു. ഞാന്‍ വിചാരിച്ചതിലും കൂടുതലാണ് എന്റെ കൂട്ടുകാരെല്ലാം എനിക്ക് തന്നത്, വിനീത് പറഞ്ഞു.

വിനീത് ഒരു സിനിമയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരിക്കലും പ്രതിഫലത്തെ കുറിച്ച് പറയാറില്ലെന്നായിരുന്നു ഇതോടെ നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞത്.

‘ വിനീത് ഒരു പടത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആ സിനിമയെ കുറിച്ച് മാത്രമേ പറയാറുള്ളൂ. എനിക്ക് ഇത്രയും വേണം എന്ന് പറയില്ല. അതുകൊണ്ട് തന്നെ നമുക്ക് മനസറിഞ്ഞ് കൊടുക്കാന്‍ തോന്നും. പിന്നെ ഇപ്പോള്‍ മലയാള സിനിമ വിജയത്തിന്റെ കുതിപ്പിലാണ്.

ഫ്രെബുവരി മാസം മുതല്‍ നമ്മള്‍ കണ്ടതാണ്. ഭ്രയുഗം, മഞ്ഞുമ്മല്‍, പ്രേമലു, ആടുജീവിതം ഇതൊക്കെ വിജയങ്ങളാണ്. ഇത് എവിടേയും നടക്കാത്ത സിനാരിയോ ആയിരുന്നു. മലയാള സിനിമ കാരണമാണ് ഇപ്പോള്‍ ചെന്നൈയിലും ബാംഗ്ലൂരിലുമൊക്കെ കുറേ പടം ഓടുന്നത്.

മുന്‍പൊക്കെ നമ്മുടെ ഒരു പടം കേരളത്തിന് പുറത്ത് ഡിസ്ട്രിബ്യൂഷന്‍ കിട്ടാന്‍ നമ്മള്‍ പിറകെ നടന്ന് ചോദിക്കണമായിരുന്നു. എന്നാല്‍ തന്നെ ഒരു ഷോ ഒക്കെയാണ് കിട്ടുക. എന്നാല്‍ ഇന്ന് അവിടുത്തെ മെയിന്‍ സ്ട്രീം ഡിസ്ട്രിബ്യൂട്ടേഴ്‌സ് നമ്മളെ ഇങ്ങോട്ട് വിളിക്കുകയാണ്. അതൊക്കെ ആദ്യമായിട്ടാണ്. അതൊരു പ്രൗഡ് മൊമന്റാണ്. ഇന്‍ഡസ്ട്രി മാറുകയാണ്,’ വിശാഖ് സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

Content Highlight: Vineeth Sreevivasan about his remmunaration

Latest Stories

We use cookies to give you the best possible experience. Learn more