| Saturday, 29th January 2022, 5:10 pm

'ഹൃദയം' റിലീസ് ചെയ്ത ദിവസം വൈകുന്നേരം വരെ മരവിച്ച അവസ്ഥയിലായിരുന്നു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡിന്റെ ഭീതിയിലും നല്ല റിപ്പോര്‍ട്ടുകളാണ് ഹൃദയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലും ഏറ്റവും വലിയ മലയാള സിനിമക്കുള്ള ഓപ്പണിംഗ് റെക്കോര്‍ഡ് നേടിയെന്ന വാര്‍ത്ത അല്പ സമയം മുന്നേയാണ് പുറത്തുവന്നത്.

എന്നാല്‍ ചിത്രം റിലീസ് ചെയ്ത ദിവസം താന്‍ വളരെയധികം ടെന്‍ഷന്‍ അടിച്ചുവെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. നല്ല റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയെങ്കിലും ഉച്ചക്ക് ശേഷം വൈകുന്നേരം വരെ താന്‍ മരവിച്ച അവസ്ഥയിലായിരുന്നുവെന്നും വിനീത് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസ് നടത്തിയ ഹൃദയത്തിന്റെ സഹസംവിധായകര്‍ക്കൊപ്പമുള്ള ചര്‍ച്ചയിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

‘തട്ടത്തിന്‍ മറയത്ത്’ ഇറങ്ങിയപ്പോഴും ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ ഇറങ്ങിയപ്പോഴും ഉണ്ടായിരുന്നതിലും അധികം റെസ്‌പോണ്‍സാണ് ‘ഹൃദയ’ത്തിന് ലഭിച്ചത്. റിലീസ് ദിവസം വീട്ടില്‍ തന്നെയായിരുന്നു. വിശാഖിന്റെ (നിര്‍മാതാവ്) ഫോണ്‍ അല്ലാതെ വേറെ ഒരു കോളും ഞാന്‍ എടുത്തിട്ടില്ല. പിന്നെ പടത്തിന്റെ ഇന്റര്‍വെല്‍ ആയപ്പോള്‍ നല്ല റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങി.

അതിനു ശേഷം ശ്വാസം വീണു. ഉച്ചയ്ക്ക് ശേഷം വൈകുന്നേരം വരെ ഞാനൊരു മരവിപ്പിലായിരുന്നു. ഈ മെസേജെല്ലാം ഒന്നിച്ച് വന്നിട്ട് എന്താ ചെയ്യേണ്ടതെന്ന് മനസിലായില്ല. വീടിന് ചുറ്റുമുള്ള മരങ്ങളൊക്കെ നോക്കിയിട്ട് സ്റ്റക്കായി നിക്കുവായിരുന്നു,’ വിനീത് പറഞ്ഞു.

‘വൈകുന്നേരം സുജിയാന്റി വിളിച്ചു. അപ്പോഴാണ് സുജിയാന്റീടെ കൂടെ പടം കാണാന്‍ പോകാമെന്ന് പറഞ്ഞ കാര്യം ആലോചിച്ചത്. അപ്പോള്‍ തന്നെ പോയി കുളിച്ച് ഇടപ്പള്ളിയില്‍ സിനിമക്ക് പോയി,’ വിനീത് കൂട്ടിച്ചേര്‍ത്തു.

നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ചിത്രം ഇപ്പോഴും വലിയ ചര്‍ച്ചയാണ്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചപ്പോഴും ഹൃദയം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്.

മെറിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.


Content Highlight: vineeth sreenivsan about his feelings in the release date of hridayam

We use cookies to give you the best possible experience. Learn more