ഞാന്‍ വളരെ നെര്‍വസ്സായിട്ട് പാടിയ പാട്ട് എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി: വിനീത് ശ്രീനിവാസന്‍
Entertainment
ഞാന്‍ വളരെ നെര്‍വസ്സായിട്ട് പാടിയ പാട്ട് എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th April 2024, 10:13 pm

ഗായകനായി സിനിമയിലേക്ക് കടന്നുവന്നയാളാണ് വിനീത് ശ്രീനിവാസന്‍. പിന്നീട് അഭിനേതാവ്, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്താന്‍ വിനീതിന് സാധിച്ചു. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം തിയേറ്ററില്‍ ഗംഭീര പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനോടകം 50 കോടി ക്ലബ്ബില്‍ ഇടം നേടാനും ചിത്രത്തിന് സാധിച്ചു.

വിനീത് എന്ന ഗായകന്റെ എക്കാലത്തെയും മികച്ച ഹിറ്റ് പാട്ടുകളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സിലെ എന്റെ ഖല്‍ബിലെ എന്ന ഗാനം. ഇന്റര്‍നെറ്റൊന്നും വ്യാപകമല്ലാതിരുന്ന കാലത്ത് പലരുടെയും ഇഷ്ടഗാനമായിരുന്നു അത്. ആ പാട്ട് പാടിയപ്പോള്‍ താന്‍ വളരെ നെര്‍വസ് ആയിരുന്നെന്നും തന്റെ അന്ധവിശ്വാസം മാറ്റിയ പാട്ടാണതെന്നും വിനീത് പറഞ്ഞു.

ഷൂട്ടിനിടയില്‍ പാട്ട് കേട്ട് പൃഥ്വി തന്നെ വിളിച്ച് അഭിനന്ദിച്ചുവെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്

‘ഒരു ഗായകനെന്ന നിലയില്‍ എനിക്ക് പ്രശസ്തി നല്‍കിയ പാട്ടുകളിലൊന്നായിരുന്നു അത്. ആ പാട്ടിന്റെ റെക്കോഡിങ് നടന്നത് കൊച്ചിയിലെ ലാല്‍ മീഡിയയില്‍ വെച്ചായിരുന്നു. റെക്കോഡിങിന് വേണ്ടി ഇറങ്ങിയപ്പോഴാണ് അതിന്റെ ഡെമോ ഉള്ള സി.ഡി മറന്നുവെച്ചെന്ന് മനസിലായത്.

റൂമില്‍ പോയി അതെടുത്തപ്പോള്‍ അവിടെയുള്ള ആള്‍ പറഞ്ഞുത്, ‘ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോള്‍ തിരിച്ചു വരുന്നത് നല്ല ലക്ഷണമല്ല’ എന്ന്. ആ സമയത്ത് എനിക്കും അതിലൊക്കെ വിശ്വാസമുണ്ടായിരുന്നു. പക്ഷേ ആ പാട്ട് ഹിറ്റായപ്പോള്‍ എന്റെ ആ അന്ധവിശ്വാസം മാറി.

ആ പാട്ട് റെക്കോഡ് ചെയ്യുന്ന സമയത്ത് ഞാന്‍ വല്ലാതെ നെര്‍വസ്സായിരുന്നു. എനിക്ക് അധികം പാട്ടുകളുണ്ടായിരുന്നില്ല അപ്പോള്‍. അങ്ങനെ ആ പാട്ട് പാടിക്കഴിഞ്ഞു. ഷൂട്ടിന്റെ സമയത്ത് ലാല്‍ജോസ് ചേട്ടന്‍ എന്നെ വിളിച്ചിട്ട് രാജുവിന് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു ഫോണ്‍ രാജുവിന് കൊടുത്തു.

രാജുവുമായി അന്നാണ് ഞാന്‍ പരിചയത്തിലാകുന്നത്. ഫോണ്‍ വാങ്ങിയ രാജു പറഞ്ഞത്, ‘വിനീതേ, ആ പാട്ട് ഞങ്ങള്‍ കേട്ടു. പാട്ടിലെ ബിലീഫ് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടമായി’ എന്ന് പറഞ്ഞു. ഞാന്‍ എങ്ങനെയാ പാടിയതെന്ന് എനിക്ക് മാത്രമല്ലേ അറിയൂ. രാജുവിന്റെ വാക്ക് എനിക്ക് ആ പാട്ടില്‍ കോണ്‍ഫിഡന്‍സ് തന്നു,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivsan about Ente Khalbile song recording