സിനിമയിലേക്ക് താന്‍ വരുന്നതിന്റെ കാരണം അച്ഛന്റെ സ്വാധീനമാണെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ചെറുപ്പത്തില്‍ സിനിമാ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വീട്ടില്‍ വരുമ്പോഴാണ് അച്ഛനെ ശരിക്കും കാണുന്നതെന്നും ആ സമയം തന്റെ വീട്ടില്‍ ഭയങ്കര ആഘോഷമായിരിക്കുമെന്നും വിനീത് പറഞ്ഞു. ശ്രീനിവാസന്‍ വന്നതറിഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വീട്ടില്‍ വരുമെന്നും അദ്ദേഹം തന്റെ സിനിമകളെ കുറിച്ച് അവരോട് സംസാരിക്കുമെന്നും താരം പറഞ്ഞു.
അച്ഛന്റെ പഴയ സിനിമാ കാസറ്റുകളിലൂടെയാണ് വിദേശ സിനിമകള്‍ കണ്ടിരുന്നതെന്നും, അതൊക്കെ തന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു. കുട്ടിക്കാലത്ത് കണ്ട സിനിമകളില്‍ ഒരുപാട് ഇഷ്ടപ്പെട്ട സിനിമ തേന്മാവിന്‍ കൊമ്പത്തായിരുന്നെന്നും ഇപ്പോള്‍ ഇഷ്ടമുള്ള സിനിമ സന്ദേശമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സിനിമയിലേക്ക് എന്നെ അടുപ്പിച്ചതില്‍ അച്ഛന്റെ സ്വാധീനം വളരെ വലുതാണ്. പത്താംക്ലാസില്‍ പഠിക്കുന്ന സമയം വരെ കൂത്തുപറമ്പിനടുത്ത പൂക്കോടാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. സിനിമാ ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അച്ഛനെ ശരിക്കും ഞങ്ങള്‍ കണ്ടിരുന്നത്. ആ സമയത്ത് വീട്ടില്‍ വലിയ ആഘോഷമായിരിക്കും.
കുമാരന്‍ മാഷ്, രാഘവേട്ടന്‍, പ്രദീപേട്ടന്‍, അങ്ങനെ അച്ഛന് കുറേ കൂട്ടുകാരുണ്ട്. അച്ഛന് വരുന്ന സമയത്ത് അവരെല്ലാം വീട്ടില്‍ വന്ന് വട്ടംകൂടി കഥ പറഞ്ഞിരിക്കും. അങ്ങനെ അവര്‍ക്കൊപ്പമിരിക്കുമ്പോള്‍ അച്ഛന്‍ ചെയ്യാന്‍ പോകുന്ന സിനിമകളുടെ കഥ പറയും. ചിന്താവിഷ്ടയായ ശ്യാമള, ഒരു മറവത്തൂര്‍ കനവ് എന്നീ സിനിമകളെല്ലാം ചെയ്യുന്നതിന് മുമ്പ് തന്നെ അതിന്റെ ആശയങ്ങള്‍ അച്ഛന്‍ സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
അങ്ങനെയൊരു അന്തരീക്ഷം വീട്ടില്‍ എപ്പോഴുമുണ്ടായിരുന്നു. വിദേശ സിനിമാ കാസറ്റുകളുടെ വലിയൊരു ശേഖരം അച്ഛനുണ്ടായിരുന്നു. മറ്റൊരു മുറിയില്‍ വലിയ പുസ്തക ശേഖരവുമുണ്ടായിരുന്നു. അച്ഛന്‍ ഇല്ലാത്ത സമയത്ത് ഞാന്‍ ആ സിനിമകളൊക്കെ കാണുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുമായിരുന്നു. അതെല്ലാം എന്റെ ജീവിതത്തെ വളരെ സ്വാധീനിച്ച ഘടകങ്ങളാണ്.
കുട്ടിക്കാലത്ത് കണ്ട സിനിമകളില്‍ ഒരുപാട് ഇഷ്ടപ്പെട്ടത് ‘തേന്മാവിന്‍ കൊമ്പത്താ’യിരുന്നു. എന്നാല്‍ വളരുന്നതനുസരിച്ച് ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടി വരുന്ന സിനിമ ”സന്ദേശമാണ്. രാഷ്ട്രീയപ്രസക്തിയുള്ള സിനിമ എന്നതിനേക്കാള്‍ കൂടുതല്‍ സറ്റയറിക്കലായി കാര്യങ്ങള്‍ അവതരിപ്പിച്ച അവതരണ ശൈലിയാണ് ഏറെ ആകര്‍ഷിച്ചത്,’വിനീത് പറഞ്ഞു.
content highlight: vineeth sreenivasn talks about his father sreenivasan