|

അച്ഛനെ ഉമ്മ വെച്ചതിന്റെ കാരണം ഇതാണ്, ലാല്‍ അങ്കിള്‍ ഭയങ്കര ഇമോഷണലായിട്ടാണ് സംസാരിച്ചത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഴവില്‍ മനോരമയുടെ ഒരു അവാര്‍ഡ് പരിപാടിക്ക് എത്തിയപ്പോള്‍ വേദിയില്‍ വെച്ച് മോഹന്‍ലാല്‍ ശ്രീനിവാസനെ ഉമ്മവെച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ സംഭവത്തെക്കുറിച്ചും മോഹന്‍ലാല്‍ തന്നെ കിസ് ചെയ്തതതിനെക്കുറിച്ചും ശ്രീനിവാസന്‍ പറയുന്ന വീഡിയോ ഏറെ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിനെ എന്തുകൊണ്ടാണ് കംപ്ലീറ്റ് ആക്ടറെന്ന് വിളിക്കുന്നതെന്ന് അന്നാണ് തനിക്ക് മനസിലായതെന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞിരുന്നത്.

ഈ വിഷയത്തില്‍ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം ശ്രീനിവാസനുണ്ടായ മാറ്റങ്ങളെക്കുറിച്ച് വിനീത് പറയുന്ന പഴയ വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ശ്രീനിവാസന് അതിന് ശേഷം നല്ലൊരു ഊര്‍ജമുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ ഉമ്മവെച്ചപ്പോള്‍ ഉള്ളില്‍ ഭയങ്കര സന്തോഷം തോന്നിയെന്ന് അദ്ദേഹം തന്നോട് പറഞ്ഞുവെന്നുമാണ് വിനീത് പറയുന്നത്.

മോഹന്‍ലാലിനും ശ്രീനിവാസനെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി എന്നും ഉമ്മകൊടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് അദ്ദേഹം സുചിത്ര മോഹന്‍ലാലിനോട് പറഞ്ഞിരുന്നെന്നും വിനീത് പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസനെക്കുറിച്ച് വിനീത് സംസാരിച്ചത്.

”മഴവില്‍ മനോരമയുടെ ഷൂട്ട് കഴിഞ്ഞ് അടുത്ത ദിവസമാണ് ഞാന്‍ ചെന്നെയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നത്. മനോരമയിലെ ചില ആളുകളും സിനിമയിലെ എന്റെ കുറച്ച് ആളുകളും പറഞ്ഞു അച്ഛന്‍ വന്നിട്ടുണ്ടായിരുന്നുവെന്ന്.

ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഭയങ്കര ഇമോഷണല്‍ മൊമന്റായിരുന്നുവെന്നും ലാല്‍ അങ്കിള്‍ അച്ഛനെ കിസ് ചെയ്തുവെന്നും അവര്‍ എന്നോട് പറഞ്ഞു. അതിന് ശേഷം സുജി ആന്റി(മോഹന്‍ലാലിന്റെ ഭാര്യ) എന്നെ വിളിച്ചിരുന്നു.

അച്ഛനെ കണ്ടപ്പോള്‍ ലാല്‍ അങ്കിളിന് ഭയങ്കര സന്തോഷം തോന്നിയെന്നും പെട്ടെന്ന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ വന്നപ്പോഴാണ് അദ്ദേഹം അച്ഛനെ ഉമ്മവെച്ചതെന്നും ആന്റി എന്നോട് പറഞ്ഞു. ലാല്‍ അങ്കിള്‍ ഭയങ്കര ഇമോഷണലായിട്ടാണ് സുജി ആന്റിയോട് ഇക്കാര്യം പറഞ്ഞതെന്നും ആന്റി പറഞ്ഞിരുന്നു.

അങ്ങനെ അവിടെ നിന്നും ഇവിടെ നിന്നും അന്നത്തെ സംഭവങ്ങളെക്കുറിച്ച് അറിഞ്ഞിട്ടാണ് ഞാന്‍ വീട്ടില്‍ വരുന്നത്. വീട്ടിലെത്തിയപ്പോള്‍ അച്ഛനെന്താണ് തോന്നിയതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.

കുറേ നാളുകള്‍ക്ക് ശേഷം ഇത്രയും നാള്‍ ജോലി ചെയ്ത കുറേ ആളുകള്‍ക്കിടയില്‍ പോയപ്പോള്‍ ഉള്ളില്‍ നിന്നും ഭയങ്കര സന്തോഷം തോന്നിയെന്ന് അച്ഛന്‍ പറഞ്ഞു. അച്ഛന്റെ വേള്‍ഡ് അതൊക്കെയാണ്.

ആ ഒരു ചുറ്റുപാടില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് അത് ഭയങ്കര സന്തോഷം കൊടുത്തു. അവിടെ അന്ന് ഉണ്ടായിരുന്നവരെല്ലാം അച്ഛനെ നല്ലോണം ടേക്ക് കെയര്‍ ചെയ്തു. അന്നത്തെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയിട്ടാണെങ്കിലും അച്ഛന് നല്ലൊരു ഊര്‍ജമുണ്ടായിരുന്നു,” വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

content highlight: vineeth sreenivasn about mohanlal and sreenivasan