Entertainment
'സത്യമായിട്ടും 'വർഷങ്ങൾക്ക് ശേഷം' ചെന്നൈയിൽ ഷൂട്ട് ചെയ്യുന്നില്ല; അവൻ ചെറിയറോൾ ഇതിൽ ചെയ്യുന്നുണ്ട്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 22, 07:24 am
Saturday, 22nd July 2023, 12:54 pm

ഷൂട്ടിങ് അനൗൺസ് ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രം ചെന്നൈയിൽ ഷൂട്ട് ചെയ്യുന്നില്ലെന്ന് വിനീത് ശ്രീനിവാസൻ. പക്ഷെ ചിത്രത്തിൽ ചെന്നൈയെ കുറിച്ച് പരാമർശിക്കുന്നുണ്ടെന്നും ചിത്രത്തിൽ സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ അഭിനയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നൈ സൂപ്പർ സ്റ്റാർ എന്ന് കളിയാക്കി വിളിക്കുന്നതുകൊണ്ട് തന്റെ പുതിയ ചിത്രത്തിലും ചെന്നൈയെ പറ്റി പറയുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘വർഷങ്ങൾക്ക് ശേഷം എന്തായാലും ചെന്നൈയിൽ ഷൂട്ട് ചെയ്യുന്നില്ല, പോരെ? (ചിരിക്കുന്നു). എന്നാലും ചെന്നൈയുടെ ചെറിയ ഫ്ലേവർ വരും,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

ചിത്രത്തിൽ സംവിധായകൻ ഷാൻ റഹ്മാൻ ഒരു വേഷം ചെയ്യുന്നുണ്ടെന്നും ആ കഥാപാത്രം ചെയ്യാൻ അനുയോജ്യനായത് ഷാൻ ആണെന്ന് തനിക്ക് തോന്നിയെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

‘ഷാൻ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതിൽ ഒരു കഥാപാത്രമുണ്ട്. അതിന്റെ രൂപം വെച്ച് നോക്കുമ്പോൾ ഷാൻ ആണത് ചെയ്യാൻ ആപ്റ്റായിട്ടുള്ളത്. എനിക്ക് പണ്ടുമുതൽക്കേ അറിയാവുന്ന ആളായതുകൊണ്ട് അവന്റെ ലുക്കും ഭാവങ്ങളും വെച്ചുനോക്കുമ്പോൾ അവൻ കറക്ടായിരിക്കും എന്നെനിക്ക് തോന്നി,’ വിനീത് പറഞ്ഞു.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം നിര്‍മിക്കുന്നത് മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ്.

നിവിന്‍ പോളിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് വർഷങ്ങൾക്കു  ശേഷത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത്. മുമ്പ് ഇരുവരും ഹൃദയത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ചെന്നൈയിലെ മുന്‍കാല ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട കഥയാണ് ചിത്രത്തിന്റേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബേസില്‍ ജോസഫ്, നീരജ് മാധവ്, അജു വര്‍ഗീസ്, നീത പിള്ള, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി നടത്തിയത്.

Content Highlights: Vineeth Sreenivasdan on Varshangalkku Sesham movie