ധ്യാനിനെയും പ്രണവ് മോഹന്‍ലാലിനെയും നായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ വലിയ വിജയമായിരുന്നുവെങ്കിലും ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ ട്രോളന്മാര്‍ കീറിമുറിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ട്രോളുകള്‍ വന്ന് തുടങ്ങിയ ആദ്യ ദിവസങ്ങള്‍ എന്താണ് നടക്കുന്നതെന്ന് മനസിലായില്ലെന്നും ഒരു ഷോക്കിലായിരുന്നു താനെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു. ചില ട്രോളുകളില്‍ കാര്യം ഉണ്ടെന്ന് മനസിലായെന്നും ആളുകള്‍ പറയുന്നതില്‍ നിന്ന് ശരിയായവ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
അടുത്തതായി താന്‍ ചെയ്യാന്‍ പോകുന്ന സിനിമയില്‍ ഒരു തമിഴ് കഥാപാത്രം ഉണ്ടായിരുന്നു എന്നും അപ്പോള്‍ ക്യാമറാമാന്‍ ജോമോന്‍ തല്‍ക്കാലം തന്റെ സിനിമയില്‍ തമിഴ് കഥാപാത്രം വേണ്ട എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആ വേഷം മലയാളിയാക്കി മാറ്റിയെന്ന് വിനീത് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.
‘വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമക്ക് ട്രോളുകള്‍ വരാന്‍ തുടങ്ങിയ ആദ്യത്തെ രണ്ട് ദിവസം എന്താണ് ഇതെന്ന് മനസിലാക്കാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു.
ഒരു മല ഇടിഞ്ഞ് വരുന്നതുപോലെയായിരുന്നല്ലോ അത് വന്നത്. പെട്ടെന്ന് എനിക്കൊന്നും മനസിലായില്ല. ഒരു ഷോക്കിലായിരുന്നു ഞാന്‍.
പിന്നെ ഇത് എങ്ങനെ ഡീല്‍ ചെയ്യണം എന്ന് മനസിലായി. ചില ട്രോളുകളില്‍ കാര്യവും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ആളുകള്‍ പറയുന്നതില്‍ ചില സത്യങ്ങള്‍ ഉണ്ട്. അതില്‍ നിന്ന് വേണ്ടത് എടുക്കണമെന്നും അടുത്ത സിനിമയില്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നൊക്കെ മനസിലായി.
ഇനി സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണമെന്ന ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടായി.
ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വെച്ച് കഴിഞ്ഞാല്‍, ഞാന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ ഒരു തമിഴ് കഥാപാത്രം ഉണ്ടായിരുന്നു. അപ്പോള്‍ ജോമോന്‍ എന്റെ അടുത്ത് പറഞ്ഞു ‘വിനീതേ തല്‍ക്കാലം നിന്റെ സിനിമയില്‍ തമിഴ് ക്യാരക്ടര്‍ വെക്കേണ്ട. മലയാളത്തില്‍ വേറെ ആര് വെച്ചാലും കുഴപ്പമില്ല. നീ വെക്കേണ്ട’ എന്ന്. അങ്ങനെ ആ തമിഴ് കഥാപാത്രത്തെ മലയാളിയാക്കി മാറ്റി. എനിക്ക് അടി കിട്ടിക്കഴിഞ്ഞാല്‍ ഞാന്‍ പഠിക്കും. ആ സിനിമ വല്ലാത്തൊരു അടിയായിരുന്നു (ചിരി),’ വിനീത് ശ്രീനിവാസന്‍ പറയുന്നു.
Content highlight: Vineeth Sreenivasan talks about trolls of Varshangalk shesham movie