| Saturday, 6th April 2024, 7:51 am

എന്തുകൊണ്ടാണ് തിരയുടെ രണ്ടാം ഭാഗം ഉണ്ടാവാത്തത്? മറുപടിയുമായി വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. താരം സംവിധാനം ചെയ്യുന്ന സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. 2013ലാണ് വിനീതിന്റെ സംവിധാനത്തില്‍ തിര എന്ന ത്രില്ലര്‍ ചിത്രം പുറത്തിറങ്ങുന്നത്.

വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു തിര. ഈ സിനിമയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമാ മേഖലയിലേക്ക് എത്തുന്നത്. ധ്യാനിനൊപ്പം ശോഭനയും വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന പ്രത്യേകതയും തിരക്കുണ്ട്.

സോമാലി മാമിന്റെ ‘ദി റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ്: ദി ട്രൂ സ്റ്റോറി ഓഫ് എ കംബോഡിയന്‍ ഹീറോയിന്‍’ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ് തിര.

മുന്‍നിര താരങ്ങളുടെ അഭിനയമികവ് കൊണ്ടും സംവിധാനമികവ് കൊണ്ടും വലിയ നിരൂപക പ്രശംസ ലഭിച്ചെങ്കിലും ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. തിരയുടെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ മുമ്പ് പറഞ്ഞിരുന്നു.

ഇപ്പോള്‍ കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് തിരയുടെ രണ്ടാം ഭാഗം ഉണ്ടാവാത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത്.

തിരയുടെ രണ്ടാം ഭാഗം ബുദ്ധിമുട്ടാണെന്നാണ് താരം പറയുന്നത്. മുമ്പ് പ്ലാന്‍ ചെയ്തത് പോലെ ഇന്ന് അത് ഷൂട്ട് ചെയ്യാന്‍ കഴിയില്ലെന്നും മുമ്പും പുതിയ ഭാഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ആ കാര്യം പറഞ്ഞതാണെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

തിരയുടെ ആദ്യ ഭാഗത്ത് അഭിനയിച്ചവരില്‍ ചിലരെ രണ്ടാം ഭാഗത്തിലേക്ക് കൊണ്ടുവരാന്‍ മാര്‍ഗമില്ലെന്നും ചിലര്‍ ഇന്ന് ഇല്ലെന്നും വിനീത് പറയുന്നു. ഒന്നാം ഭാഗത്തിലെ അതേ കഥാപാത്രങ്ങളെ വെച്ചുകൊണ്ട് തിരയുടെ രണ്ടാം ഭാഗം ചെയ്യാന്‍ സാധിക്കില്ലെന്നും ആളുകളെ മാറ്റി ചെയ്യുന്നതിനെ പറ്റി താന്‍ ചിന്തിച്ചിട്ടില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

‘തിരയുടെ രണ്ടാം ഭാഗം ബുദ്ധിമുട്ടാണ്. അന്ന് നമ്മള്‍ പ്ലാന്‍ ചെയ്തത് പോലെ ഇന്ന് അത് ഷൂട്ട് ചെയ്യാന്‍ കഴിയില്ല. മുമ്പും പുതിയ ഭാഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ അത് പറഞ്ഞതാണ്. അതില്‍ ചില കഥാപാത്രങ്ങള്‍ ചെയ്ത ആളുകള്‍ ഇന്ന് ഇല്ല. അവരെ കൊണ്ടുവരാനുള്ള ഓപ്ഷനില്ല.

പിന്നെ തിരയില്‍ കുട്ടികളായി അഭിനയിച്ചവരൊക്കെ ഇപ്പോള്‍ കോളേജില്‍ പഠിക്കുന്ന പ്രായമായി. ഒന്നാം ഭാഗത്തിലെ അതേ കഥാപാത്രങ്ങളെ വെച്ചുകൊണ്ട് നമുക്ക് ആ സിനിമ ചെയ്യാന്‍ സാധിക്കില്ല. ആളുകളെ മാറ്റി ചെയ്യുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Vineeth Sreenivasan Talks About Thira2

We use cookies to give you the best possible experience. Learn more