2013ല്‍ രാകേഷ് മണ്ടോടി തിരക്കഥയെഴുതി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് തിര. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു ഇത്. ഈ സിനിമയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമാ മേഖലയിലേക്ക് എത്തുന്നത്.
നവീന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു സിനിമയില്‍ ധ്യാന്‍ എത്തിയത്. നടി ശോഭന വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന പ്രത്യേകതയും തിരക്കുണ്ടായിരുന്നു. സോമാലി മാമിന്റെ ‘ദി റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ്: ദി ട്രൂ സ്റ്റോറി ഓഫ് എ കംബോഡിയന്‍ ഹീറോയിന്‍’ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ് തിര.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ഇപ്പോള്‍ തിരയെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. മലയാളത്തില്‍ ഇങ്ങനെയൊരു സിനിമ മറ്റാരും ചെയ്തിട്ടില്ലെന്ന ചിന്തയിലാണ് തങ്ങള്‍ തിര ചെയ്തത് എന്നാണ് അദ്ദേഹം പറയുന്നത്.
മലയാള സിനിമയില്‍ മലയാളത്തേക്കാള്‍ കൂടുതല്‍ മറ്റുള്ള ഭാഷകള്‍ സംസാരിക്കുന്ന സിനിമ അതുവരെ ഉണ്ടായിട്ടില്ലെന്നും വിനീത് പറഞ്ഞു. മലയാളത്തിലെ ബേസിക്കായ കാര്യങ്ങളെ പോലും ബ്രേക്ക് ചെയ്ത് കൊണ്ടായിരുന്നു തിര എന്ന സിനിമ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.
‘തിര സിനിമ ചെയ്യുന്ന സമയത്തെ ഞങ്ങളുടെ മൂഡ് എന്താണെന്ന് ചോദിച്ചാല്‍, ഇങ്ങനെയൊരു സിനിമ മറ്റാരും ചെയ്തിട്ടില്ല എന്നതായിരുന്നു. നമ്മളാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്നത്. മലയാള സിനിമയില്‍ മലയാളത്തേക്കാള്‍ കൂടുതല്‍ മറ്റുള്ള ഭാഷകള്‍ സംസാരിക്കുന്ന സിനിമ വേറെയൊന്ന് ഉണ്ടായിരുന്നില്ല.
നവീന്‍ പോകുന്ന സ്ഥലം എവിടെയാണോ, അവിടെയുള്ളവര്‍ മലയാളമല്ലാതെ മറ്റേതെങ്കിലും ഭാഷയാകും സംസാരിക്കുന്നത്. അപ്പോള്‍ ആ ഭാഷയാകും നമ്മുടെ സിനിമയുടെ ഭാഷ. അങ്ങനെ മലയാളത്തിലെ ബേസിക്കായ കാര്യങ്ങളെ പോലും ബ്രേക്ക് ചെയ്ത് കൊണ്ടായിരുന്നു തിര വരുന്നത്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Vineeth Sreenivasan Talks About Thira Movie