നടന്‍ ശ്രീനിവാസന്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്ന സമയത്തെ ‘രസകരമായ’ ഒരു സംഭവം ഓര്‍ത്തെടുത്ത് മകന്‍ വിനീത് ശ്രീനിവാസന്‍. ചായ ചോദിച്ചുകൊണ്ട് ഡോക്ടര്‍ക്ക് ശ്രീനിവാസന്‍ എഴുതിയ ഒരു കുറിപ്പിനെ കുറിച്ചാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് സംസാരിക്കുന്നത്.
നേരത്തെ ധ്യാന്‍ ശ്രീനിവാസന്‍ ‘ഐ.സി.യുവില്‍ കിടന്നപ്പോള്‍ അച്ഛന്‍ ചായ ചോദിച്ച കഥ’യെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, അത് സത്യം തന്നെയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനീത്.
”അത് അച്ഛന്‍ എഴുതിക്കൊടുത്തത് തന്നെയാണ്. രണ്ടുമൂന്ന് ദിവസം ചായ കിട്ടാതിരുന്നപ്പോള്‍ എഴുതിയതാണത്.
ബ്രെയിന്‍ ഫങ്ഷനിങ് ഒക്കെ കറക്ടാണോ, കൈകളുടെ ചലനങ്ങള്‍ നടക്കുന്നുണ്ടോ, എഴുതാന്‍ പറ്റുന്നുണ്ടോ എന്നൊക്കെ നോക്കണമെന്ന് ഡോക്ടര്‍മാര്‍ എപ്പോഴും പറയുമായിരുന്നു. റിക്കവര്‍ ചെയ്യുന്ന സമയത്ത് അവര് നോക്കുന്ന കുറേ കാര്യങ്ങളാണിത്.
ഇതൊക്കെ ശരിയാണോയെന്ന ടെന്‍ഷന്‍ ഡോക്ടര്‍മാര്‍ക്കും ഉണ്ടായിരുന്നു. അപ്പോഴാണ് ഈ കുറിപ്പ് വരുന്നത്, ‘നാല് ദിവസമായി ചായ ചോദിച്ചിട്ട്, ചാവുന്നതിന് മുമ്പ് കിട്ടുമോ’ എന്ന്. അത് കണ്ടപ്പോള്‍ തന്നെ ഡോക്ടര്‍, ‘അച്ഛന് ഒരു കുഴപ്പവുമില്ല മോനേ, പെര്‍ഫക്ട് ഓക്കെയാണ്. ഒന്നും ടെന്‍ഷനടിക്കാനില്ല, പെട്ടെന്ന് റിക്കവറാകും,’ എന്ന് പറഞ്ഞു. (ചിരി).
അതേസമയം വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് നവംബര്‍ 11ന് തിയേറ്ററുകളിലെത്തുകയാണ്. വിനീതിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അഭിനവ് സുന്ദര്‍ നായകിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണിത്.
തന്‍വി റാം നായികയായെത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, സുധി കോപ്പ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlight: Vineeth Sreenivasan talks about Sreenivasan