കുറേ കൊല്ലം മുമ്പ് ശിവകാര്‍ത്തികേയന്‍ തന്നോട് വന്ന് സംസാരിച്ചതിനെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍. അന്ന് തനിക്ക് അദ്ദേഹത്തെ മനസിലായില്ലെന്നും പിന്നീട് രണ്ട് ആഴ്ച കഴിഞ്ഞ് മെറീന എന്ന സിനിമയുടെ പോസ്റ്റര്‍ താന്‍ കണ്ടുവെന്നും വിനീത് പറയുന്നു. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ശിവകാര്‍ത്തികേയന്റെ ഒരു കോമഡിയുണ്ട്. കുറേ കൊല്ലം മുമ്പാണ് ഇത്. ഞാന്‍ അന്ന് തലപ്പാക്കെട്ടില്‍ നിന്ന് ബിരിയാണി കഴിച്ചിട്ട് ഇറങ്ങി വരികയായിരുന്നു. ആ സമയത്ത് വണ്ടിയെടുക്കാന്‍ പോകുമ്പോഴാണ് ഒരാള്‍ എന്റെ നേരെ നടന്നു വരുന്നത്.
‘നിങ്ങള്‍ക്ക് ഒരു ഗോകുലിനെ അറിയുമോ’യെന്ന് അയാള്‍ ചോദിച്ചു. ഞാന്‍ അപ്പോള്‍ മനസിലാകാതെ ഏത് ഗോകുലാണെന്ന് ആലോചിക്കുകയാണ്. ‘നിങ്ങള്‍ പലവട്ടമെന്ന ഒരു മ്യൂസിക് വീഡിയോ ചെയ്തിരുന്നില്ലേ, അത് കൊറിയോഗ്രാഫ് ചെയ്തത് ഗോകുലാണ്. ഞാന്‍ അവന്റെ ഫ്രണ്ടാണ്, പേര് ശിവകാര്‍ത്തികേയന്‍’ എന്ന് പറഞ്ഞു.
ഞാന്‍ അപ്പോള്‍ ഹായ് ഒക്കെ പറഞ്ഞ ശേഷം പിന്നെ സംസാരം മുഴുവന്‍ ഗോകുലിനെ കുറിച്ചായി. ഗോകുലിന്റെ നമ്പറുണ്ടോയെന്ന് ചോദിച്ച് അവന്റെ കൈയ്യില്‍ നിന്ന് നമ്പര്‍ വാങ്ങി. പിന്നെ ഞാന്‍ ബൈ പറഞ്ഞ് അവിടുന്ന് പോയി.
പിന്നീട് രണ്ട് ആഴ്ച കഴിഞ്ഞപ്പോഴാണ് മെറീന എന്ന സിനിമയുടെ പോസ്റ്റര്‍ ഞാന്‍ കാണുന്നത്. അത് കണ്ടതും ഇയാളെ ഞാന്‍ എവിടെയോ കണ്ട് പരിചയമുണ്ടല്ലോയെന്ന് ചിന്തിച്ചു. നോക്കുമ്പോള്‍ ഇവനാണ്. പിന്നെ വരുത്തപ്പെടാത്ത വാലിബര്‍ സംഘം, മാവീരന്‍ അങ്ങനെയങ്ങനെ ഒരുപാട് സിനിമകള്‍ വന്നു,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Vineeth Sreenivasan Talks About Sivakarthikeyan